സൈന്യത്തില്‍ ഇനി കന്യകാത്വ പരിശോധന ഇല്ല; കാലങ്ങളായുള്ള പതിവില്‍ മാറ്റം വരുത്തി ഇന്തോനേഷ്യ

ഇന്തോനേഷ്യയില്‍  വര്‍ഷങ്ങളായി സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായി വനിതകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന വേണ്ടെന്ന് വച്ചു
ഇന്തോനേഷ്യന്‍ ആര്‍മിയുടെ വാര്‍ഷിക ദിനത്തില്‍ വനിതാ സൈനികര്‍ ആയോധന കലയിലെ പ്രാവീണ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍, എപി ചിത്രം
ഇന്തോനേഷ്യന്‍ ആര്‍മിയുടെ വാര്‍ഷിക ദിനത്തില്‍ വനിതാ സൈനികര്‍ ആയോധന കലയിലെ പ്രാവീണ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍, എപി ചിത്രം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍  വര്‍ഷങ്ങളായി സൈന്യത്തില്‍ ചേരുന്നതിന് മുന്നോടിയായി വനിതകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന വേണ്ടെന്ന് വച്ചു. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തുവന്നിരുന്നു. ഇതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. കന്യകാത്വ പരിശോധന വേണ്ടെന്ന് വച്ച സൈനിക നേതൃത്വത്തിന്റെ തീരുമാനത്തെ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.

സൈന്യത്തില്‍ വനിതകള്‍ ചേരുന്നതിന് മുന്‍പ് കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോ എന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിക്കുന്ന രീതിക്കെതിരെ ഇന്തോനേഷ്യയില്‍ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് സ്ത്രീത്വത്തെ മാനിച്ച് കൊണ്ടുള്ള സൈനിക നേതൃത്വത്തിന്റെ തീരുമാനം. സ്ത്രീകളുടെ മേല്‍ കടന്നുകയറുന്ന ഇത്തരം പരിശോധനകള്‍ സൈന്യത്തില്‍ ഇനി മുതല്‍ ഉണ്ടാവില്ലെന്ന് ആര്‍മി മേധാവി ആണ്ടിക പെര്‍കാസ പറഞ്ഞു. ഇനി മുതല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും നിയമനം. ശാരീരികക്ഷമതയും മറ്റും പരിശോധിച്ച് നിയമിക്കുന്ന സര്‍വ്വസാധാരണ രീതിയിലായിരിക്കും ഇനി നിയമനം നടത്തുക. 

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുടെ മാര്‍ഗരേഖയില്‍ കന്യകാത്വ പരിശോധനയില്‍ യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ ദുഷിച്ച രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ മുറവിളി കൂട്ടുന്നതിനിടെയാണ് സൈനിക നേതൃത്വത്തിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com