താലിബാന്‍ കാബൂളിനരികെ , പാക് അതിര്‍ത്തിയിലെ ഷരാനയും പിടിച്ചടക്കി; രാജ്യങ്ങള്‍ നയതന്ത്രപ്രതിനിധികളെ തിരികെ വിളിക്കുന്നു

അഫ്ഗാന്‍ ജനതയ്ക്കുമേല്‍ യുദ്ധം അടിച്ചേല്‍പിക്കാനില്ലെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു
ചിത്രം: എ പി
ചിത്രം: എ പി

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. താലിബാന്‍ തലസ്ഥാനമായ കാബൂളിന് 11 കിലോമീറ്റര്‍ അടുത്തെത്തി. രാജ്യത്തെ 34 പ്രവിശ്യകളില്‍ 18 പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തിലായി. അതേസമയം അഫ്​ഗാനിസ്ഥാനിൽ നിന്നും എത്തുന്നവർക്ക് വിസ നൽകാൻ ഇന്ത്യ തീരുമാനിച്ചു. 

നിലവില്‍ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 18 പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലാണുള്ളത്. ഏറ്റവും ഒടുവിലായി പാകിസ്ഥാൻ അതിർത്തിയിലുള്ള പക്തിയ പ്രവിശ്യയുടെ തലസ്ഥാനമായ ഷരാനയും താലിബാൻ പിടിച്ചടക്കി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ ഇന്നലെ താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു.

പ്രധാന പട്ടണമായ മസരി ഷരീഫില്‍ താലിബാന്‍ ആക്രമണം ശക്തമാക്കി.  താലിബാന്‍ വിരുദ്ധരുടെ ശക്തികേന്ദ്രമായ മസാരെ ഷെരീഫിനെ വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കാബൂളിന്  40 കിമീ അകലെയുള്ള മൈദാൻ ഷറിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. താലിബാന്‍ കാബൂൾ ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെ പ്രദേശത്ത് നിന്ന് എംബസികൾ പ്രതിനിധികളെ ഒഴിപ്പിക്കുകയാണ്. 

യുഎസ് എംബസിയിലെ പ്രധാനപ്പെട്ട സ്റ്റാഫിനെയെല്ലാം അമേരിക്ക പിൻവലിക്കുകയാണ്. ബ്രിട്ടൻ സ്വന്തം പൗരൻമാരെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ 600 ട്രൂപ്പുകളെ അയച്ചു കഴിഞ്ഞു. അതിനിടെ, അഫ്ഗാന്‍ ജനതയ്ക്കുമേല്‍ യുദ്ധം അടിച്ചേല്‍പിക്കാനില്ലെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു. താലിബാനെതിരേ സുരക്ഷാസേനയെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അഷ്റഫ് ഗനി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com