അഷ്‌റഫ് ഗനി രാജ്യം വിട്ടു, തജിക്കിസ്ഥാനിലേക്ക് എന്ന് സൂചന; ജനങ്ങള്‍ ഭയപ്പെടരുതെന്ന് താലിബാന്‍ ഭീകരര്‍

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഭീകരവാദികള്‍ പിടിച്ചെടുത്തതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു
അഷ്‌റഫ് ഗനി, എപി ചിത്രം
അഷ്‌റഫ് ഗനി, എപി ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഭീകരവാദികള്‍ പിടിച്ചെടുത്തതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. ഗനിയുടെ അടുത്ത സഹായികളും ഒപ്പമുള്ളതായാണ് റിപ്പോര്‍ട്ട്. അഷ്‌റഫ് ഗനി അഭയം തേടി അയല്‍രാജ്യമായ തജിക്കിസ്ഥാനിലേക്ക്  പോയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെ ക്രമസമാധാനം ഉറപ്പാക്കുമെന്നും ജനങ്ങള്‍ ഭയപ്പെടരുതെന്നും താലിബാന്‍ അറിയിച്ചു.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് അഷ്‌റഫ് ഗനി എവിടേക്ക് പോയി എന്നതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ സാധിക്കില്ല എന്നാണ് പ്രസിഡന്റ്ിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ഗനി എവിടേക്കാണ് പോയത് എന്ന കാര്യം അന്വേഷിച്ച് വരികയാണ് എന്നാണ് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനിടെ താലിബാന്റെ മുന്നേറ്റം മുന്‍കൂട്ടി മനസിലാക്കി, കാബൂളിലെ എംബസിയില്‍ നിന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രത്യേക വിമാനത്തില്‍ ഒഴിപ്പിച്ചു. 20 വര്‍ഷത്തിന് ശേഷമാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വരുന്നത്. 

താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞതോടെയാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചത്. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്. 

യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളില്‍ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com