അമേരിക്ക പേടിച്ച താലിബാന്റെ 'തല'; ആദ്യം തുറങ്കിലടച്ചു, പിന്നെ വിട്ടയച്ചു; ആരാണ് അബ്ദുള്‍ ഗനി ബരാദര്‍?

അമേരിക്കയുടെ ആവശ്യപ്രകാരമാണ് പാകിസ്ഥാന്‍ ജയിലില്‍ നിന്ന് താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബരാദറിനെ മോചിപ്പിക്കുന്നത്
അബ്ദുള്‍ ഗനി ബരാദര്‍/എഎഫ്പി
അബ്ദുള്‍ ഗനി ബരാദര്‍/എഎഫ്പി


മേരിക്കയുടെ ആവശ്യപ്രകാരമാണ് പാകിസ്ഥാന്‍ ജയിലില്‍ നിന്ന് താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബരാദറിനെ മോചിപ്പിക്കുന്നത്. കൃത്യം മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം, അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത് അധികാരത്തിലെത്തിയിരിക്കുന്നു ബരാദര്‍. തോറ്റോടിപ്പോയ താലിബാനെ ഇക്കാണുവിധം ശക്തമാക്കി മാറ്റിയ, അമേരിക്ക പേടിച്ച അബ്ദുള്‍ ഗനി ബരാദര്‍ ആരാണ്? 

നിലവില്‍ ഹൈബത്തുള്ള അഖുന്‍സാദയാണ് താലിബാന്റെ പരമോന്നത നേതാവ്. ബരാദറാണ് ഭീകര സംഘടനയുടെ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ബരാദര്‍ അധികാരത്തിലേറുമ്പോള്‍, അഫ്ഗാനിസ്ഥാന്‍ അതിന്റെ രക്തരൂക്ഷിതമായ അരക്ഷിത കാലത്തേക്ക് തിരിച്ചു പോവുകയാണ്. 

ഉറുസുഗന്‍ പ്രവിശ്യയില്‍ 1968ലാണ് ബരാദര്‍ ജനിക്കുന്നത്. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയന്‍ പിന്തുണയോടെ അധികാരത്തിലെത്തിയ നജീബുള്ള സര്‍ക്കാരിന് എതിരെ അഫ്ഗാന്‍ മുജാഹിദിന്‍ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. 

1992ല്‍ സോവിയറ്റ് പിന്‍മാറ്റത്തോടെ അഫ്ഗാനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചപ്പോള്‍ ബരാദര്‍ സഹോദരനായ മുഹമ്മദ് ഒമറുമായി ചേര്‍ന്ന് കാണ്ഡഹാറില്‍ ഒരു മദ്രസ സ്ഥാപിച്ചു. പിന്നാലെ താലിബാന്‍ സ്ഥാപിതമായി. ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 

1996ല്‍ പാകിസ്ഥാന്റെ അകമഴിഞ്ഞ പിന്തുണയുടെ ബലത്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തു. ആഭ്യന്തരയുദ്ധം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് താലിബാന്‍ തലസ്ഥാനമായ കാബുള്‍ പിടിച്ചെടുത്തത്. താലിബാന്‍ ഭരണകൂടത്തില്‍ ആഭ്യന്തര സഹമന്ത്രിയായി ബരാദര്‍ ചുമതലയേറ്റു. 

അമേരിക്കന്‍ അധിനിവേശത്തില്‍ താലിബാന്‍ തോറ്റോടിയെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭീകര സംഘടനയെ ശക്തമായ സായുധ സേനയാക്കി മാറ്റിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബരാദര്‍ ആയിരുന്നു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ,  ബരാദറിന്റെ നീക്കങ്ങളെ ഭയപ്പെട്ടിരുന്നു. 

2010ല്‍, സിഐഎ സമ്മര്‍ദത്തിന് വഴങ്ങി പാകിസ്ഥാന്‍ ബരാദറിനെ അറസ്റ്റ് ചെയ്തു. 2018ല്‍ ട്രംപിന്റെ മാറിയ അഫ്ഗാന്‍ നയത്തെ തുടര്‍ന്ന് അമേരിക്ക ബരാദറിനെ വിട്ടയക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയുമായി നടത്തിയ സമാധാന ചര്‍ച്ചകളില്‍ താലിബാന്‍ ആദ്യം മുന്നോട്ടുവച്ച ആവശ്യവും ബരാദറിനെ വിട്ടയക്കുക എന്നതായിരുന്നു. ബരാദറിനെ മോചിപ്പിച്ചാല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അമേരിക്കയും കണക്കുകൂട്ടി. 

2018 ഒക്ടോബറില്‍ പാകിസ്ഥാന്‍ ബരാദറിന ജയില്‍ മോചിതനാക്കി. ഖത്തറില്‍ പിന്നീട് നടന്ന ചര്‍ച്ചകളെല്ലാം ബരാദറിന്റെ നേതൃത്വത്തിലായിരുന്നു. 2020ല്‍ താലിബാനും അമേരിക്കയും തമ്മില്‍ കരാറിലെത്തി. അമേരിക്കന്‍ സേനയ്ക്ക് അഫ്ഗാന്‍ വിടാനുള്ള സാവകാശം താലിബാന്‍ നല്‍കി. എന്നാല്‍ സ്വന്തം ജനതയോടും അവര്‍ക്കായി നിലകൊണ്ട് സൈന്യത്തോടും ദയ കാട്ടാന്‍ താലിബാന്‍ തയ്യാറായില്ല. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും യുദ്ധം അവസാനിച്ചെന്നും താലിബാന്‍ പറയുമ്പോഴും, ആദ്യ വരവിന് സമാനമായ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് അഫ്ഗാനില്‍ താലിബാന്‍ സ്വീകരിക്കുന്നതെന്ന് ഇതിനോടകം നിരവധി റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com