കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചെടുത്തു; താലിബാന്‍ കൊടി നാട്ടി ; യുഎന്‍ യോഗം ഇന്ന്

ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് തന്നെ ഉടനുണ്ടാകുമെന്നാണ് താലിബാന്റെ അറിയിപ്പ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍, കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. കൊട്ടാരത്തില്‍ നിന്നും അഫ്ഗാന്‍ പതാക നീക്കി. പകരം താലിബാന്റെ കൊടി നാട്ടി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് തന്നെ ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് താലിബാന്റെ അറിയിപ്പ്.

കാബൂള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു.  സുരക്ഷാസേനയുടെ അഭാവത്തില്‍ ക്രമസമാധാനം ഉറപ്പാക്കാനാണ് നടപടിയെന്ന് വിശദീകരണം. ജനങ്ങള്‍ താലിബാനെ ഭയപ്പെടേണ്ടതില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ സുരക്ഷാ ചുമതല താലിബാന്റെ ബദ്രി യൂണിറ്റ് ഏറ്റെടുത്തുവെന്നാണ് താലിബാന്‍ അനുകൂല മാധ്യമമായ മാഷല്‍ അഫ്ഗാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ്  ഇ  ഇസ്ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്.

അതിനിടെ ഐക്യരാഷ്ട്ര രക്ഷാസമിതി ഇന്ന് യോഗം ചേരും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്യും. യുഎന്‍ രക്ഷാ സമിതി യോഗത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയ്ക്ക് തിരിച്ചു. രാജ്യം വിട്ടത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു. താലിബാന്‍ കാബൂള്‍ വളഞ്ഞതോടെ, അയല്‍രാജ്യമായ താജികിസ്ഥാനിലേക്ക് കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതിനെ, അമേരിക്കയുടെ ചരിത്രത്തിലെ വലിയ പരാജയമെന്നായിരുന്നു യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചു. അഫ്ഗാനില്‍ നിന്നും പുറത്തു കടക്കാന്‍  കാബൂള്‍ വിമാനത്താവളത്തിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തുകയാണ്. തിരക്ക് വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com