മലയാളികള്‍ അടക്കമുള്ള ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാന്‍; വിധവകളെ ഭീകരര്‍ വിവാഹം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികള്‍ അടക്കമുള്ള ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി യുവതികള്‍
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി യുവതികള്‍

 
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികള്‍ അടക്കമുള്ള ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരടക്കം മോചിപ്പിക്കപ്പെട്ടതായാണ് വിവരം. തടവുകാരിലെ വിധവകളെ താലിബാന്‍ ഭീകരര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2016ല്‍ ഐഎസില്‍ ചേരാന്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഇന്ത്യവിട്ട ഇവര്‍ അഫ്ഗാനിലെത്തിയിരുന്നു. പിന്നീട് അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു. കാബൂളിലെ ഫുലെ ചര്‍കി, ബദാം ബാഗ് എന്നീ ജയിലുകളില്‍നിന്നാണ് ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചത്. 
ഇതില്‍ 9 മലയാളികളുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ കനത്ത ജാഗ്രതയിലാണെന്ന് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

25ഓളം ഇന്ത്യക്കാരാണ് കാബൂളിലെ വിവിധ ജയിലുകളിലുണ്ടായിരുന്നത്. ഇവരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് ആക്രമണം നടത്താന്‍ താലിബാന്‍ ഉപമേധാവി സിറാജുദീന്‍ ഹഖാനി ശ്രമിക്കുമെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. 

ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിരുന്നില്ല. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രൊവിന്‍സില്‍ (ഐഎസ്‌കെപി) ചേരാന്‍ 4 പേരുടെയും ഭര്‍ത്താക്കന്മാര്‍ അഫ്ഗാനിലേക്കു കടന്നപ്പോഴാണ് ഇവര്‍ ഒപ്പം പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com