അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്റെ പരിശോധന, വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയി ; അമേരിക്കയെ സഹായിച്ചവര്‍ക്കെതിരെ പ്രതികാര നടപടി

അഫ്ഗാനിലെ നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കരുതെന്ന് താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍കാര്‍ പരിശോധന നടത്തി. കാണ്ഡഹാറിലെയും ഹെരാത്തിലേയും അടഞ്ഞുകിടന്ന കോണ്‍സുലേറ്റ് ഓഫീസുകളിലാണ് താലിബാന്‍കാരെത്തിയത്. ഓഫീസില്‍ ഇവര്‍ രേഖകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി. ഓഫീസ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

കാബൂളിന് പുറമെ, കാണ്ഡഹാര്‍, ഹെരാത്ത്, മസാര്‍ ഇ ഷറീഫ് എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റുകളുള്ളത്. താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിക്കുന്നതിന് മുമ്പു തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പൂട്ടിയിരുന്നു. അഫ്ഗാനില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 170 പേരെ ചൊവ്വാഴ്ച കാബൂളില്‍ നിന്നും ഇന്ത്യയിലെത്തിച്ചു. നാട്ടിലെത്തിച്ചവരില്‍ അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡറും ഉള്‍പ്പെടുന്നു. നിരവധി ഇന്ത്യക്കാര്‍ ഇനിയും നാട്ടിലേക്ക് പോരാനാകാതെ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായി ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു്. 

അതിനിടെ അഫ്ഗാനിലെ നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കരുതെന്ന് താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി ആണ് ഈ ആവശ്യം ഉന്നയിച്ചത്. താലിബാന്‍ നേതൃനിരയിലെ പ്രധാനിയാണ് സ്റ്റാനിക്‌സായി. അഫ്ഗാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിനിടെയാണ് താലിബാന്‍ നേതാവിന്റെ അഭ്യര്‍ത്ഥന. 

അതേസമയം താലിബാന്‍ പ്രതികാര നടപടികള്‍ തുടങ്ങിയതായി യു എന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍, നാറ്റോ സേനകള്‍ക്ക് സഹായം നല്‍കിയവരെ കണ്ടെത്താന്‍ താലിബാന്‍ ഭടന്മാര്‍ വീടുതോറും കയറി പരിശോധന ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ അഫ്ഗാനിസ്ഥാന്‍ പതാകയുമായി പോയ ആളെ താലിബാന്‍ ഭടന്‍മാര്‍ അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും പൊതു മാപ്പ് നല്‍കുന്നതായും, ആര്‍ക്കെതിരെയും പ്രതികാര നടപടി ഉണ്ടാകില്ലെന്നുമാണ് കാബുള്‍ പിടിച്ചതിന് പിന്നാലെ താലിബാന്‍ പ്രഖ്യാപിച്ചിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com