കാബൂളില്‍ ഇന്ത്യാക്കാരെ തടഞ്ഞുവെച്ച് താലിബാന്‍ ; കുടുങ്ങിയത് 150 ഓളം പേര്‍

കാബൂള്‍ വിമാനത്താവളത്തിലേക്കെത്തിയവരെയാണ്  താലിബാന്‍ തടഞ്ഞുവെച്ചത്
പിടിഐ ചിത്രം
പിടിഐ ചിത്രം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞു വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തിലേക്കെത്തിയ 150 ഓളം പേരെയാണ് താലിബാന്‍ തടഞ്ഞുവെച്ചത്. ഇവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഏതാനും അഫ്ഗാന്‍ പൗരന്മാരും, അഫ്ഗാനിലെ സിഖ് വംശജരും ഉള്‍പ്പെടുന്നു.

ചിലരെ താലിബാന്‍ ഭടന്മാര്‍ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.  ഇന്ത്യാക്കാരെ തടഞ്ഞുവെച്ചുവെന്ന വാർത്ത താലിബാൻ വക്താവ് അഹമ്മദുള്ള വാസെക് നിഷേധിച്ചിട്ടുണ്ട്.  രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമിട്ട്, ഇന്ത്യന്‍ വ്യോമസേനാ വിമാനം 85 ഇന്ത്യക്കാരുമായി രാവിലെ ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു.

അതിനിടെ, കാബൂള്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന രക്ഷാദൗത്യം തടസ്സപ്പെടുത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പു നല്‍കി. യുഎസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ നേതാവ് മുല്ല അബ്ദുള്‍ ഗനി ബരാദര്‍ കാബൂളിലെത്തി. താലിബാന്‍ കമാണ്ടര്‍ അടക്കമുള്ളവരുമായി ബരാദര്‍ ചര്‍ച്ച നടത്തും. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫി ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി അഹമ്മദ്‌സായി താലിബാന് പിന്തുണ പ്രഖ്യാപിച്ചു. താലിബാന്‍ നേതാവ് ഖലീല്‍ ഉര്‍ റഹ്മാന്‍, മതപണ്ഡിതന്‍ മുഫ്തി മുഹമ്മദ് സക്കീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഹഷ്മത് ഗനിയുടെ പ്രസ്താവന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com