ഒമൈക്രോൺ ഡൽറ്റയോളം അപകടകാരിയല്ല, ആഘാതം കുറവെന്ന് പ്രമുഖ യു എസ് ശാസ്‌ത്രജ്ഞൻ 

മുൻവകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ ബുദ്ധിമുട്ടുകളാണ് ഒമൈക്രോൺ ബാധിച്ചവർക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്ടൺ: കോവിഡിൻറെ ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമൈക്രോണെന്ന് പ്രമുഖ യു എസ് ശാസ്‌ത്രജ്ഞൻ ആൻറണി ഫോസി. രോഗം പകരാനുള്ള സാധ്യത, രോഗബാധയുടെ ആഘാതം, കോവിഡ് വാക്സിനോടുള്ള പ്രതികരണം എന്നീ കാര്യങ്ങൾ പരിശോധിച്ചുള്ള പഠനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നിരുന്നാലും പുതിയ വകഭേദത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ ആഴ്ചകൾ കൂടി വേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻറെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവാണ് ആൻറണി ഫോസി. കോവിഡിൻറെ മുൻവകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഒമൈക്രോൺ വേരിയൻറ് ബാധിച്ചവർക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം പുതിയ വകഭേദം മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

ഡെൽറ്റ വകഭേദത്തേക്കാൾ നിസ്സാരമായ ലക്ഷണങ്ങളും കുറഞ്ഞ രോഗ ബാധയുമാണ് ഒമൈക്രോൺ സൃഷ്ടിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം വളരെ കുറവാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ കേസുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. പക്ഷെ രണ്ടാഴ്ചകൾ കൂടി കഴിയുമ്പോൾ മാത്രമേ ഒമിക്രോൺ വകഭേദം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയൂ, ആൻറണി ഫോസി പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജീസ് ആൻഡ് ഇൻഫെക്ഷൻസ് ഡിസീസസ് ഡയറക്ടർ കൂടിയാണ് ആൻറണി ഫോസി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com