'പ്രേതങ്ങളുടെ വിഹാര കേന്ദ്രം'; 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി കിടന്നുറങ്ങി!

പ്രേതങ്ങളുണ്ടെന്ന് പ്രചാരണമുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ കഴിഞ്ഞ രാത്രി ചെലവഴിച്ചു
ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തുവരുന്ന ജപ്പാന്‍ പ്രധാനമന്ത്രി/ ജപ്പാന്‍ ടൈംസ്‌
ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തുവരുന്ന ജപ്പാന്‍ പ്രധാനമന്ത്രി/ ജപ്പാന്‍ ടൈംസ്‌

ടോകിയോ: ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ജപ്പാന്‍ പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ കിടന്നുറങ്ങി. പ്രേതങ്ങളുണ്ടെന്ന് പ്രചാരണമുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ കഴിഞ്ഞ രാത്രി ചെലവഴിച്ചു. ഒന്നും സംഭവിച്ചില്ല, സുഖമായി കിടന്നുറങ്ങിയെന്ന് കിഷിദ തിങ്കളാഴ്ച രാവിലെ പറഞ്ഞു.

കിഷിദയുടെ മുന്‍ഗാമികളായ യോഷിഹിഡെ സുഗയുടേയും ഷിന്‍സോ ആബെയുടേയും കാലഘട്ടത്തില്‍ സെന്‍ട്രല്‍ ടോക്കിയോയിലെ ഈ ഔദ്യോഗിക വസതി ഒഴിഞ്ഞുകിടക്കുകയായിരുന്നു. രണ്ട് പട്ടാള അട്ടിമറിക്ക് സാക്ഷ്യം വഹിക്കുകയും ഒരു പ്രധാനമന്ത്രി ഇവിടെവെച്ച് കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഈ ഔദ്യോഗിക വസതിക്ക് പ്രേതഭവനമെന്ന ദുഷ്‌പേര് ലഭിച്ചത്. 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മിനിറ്റ് നടക്കാനുള്ള ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്. കൊലചെയ്യപ്പെട്ട ചിലരുടെ പ്രേതങ്ങള്‍ ഈ കെട്ടിടത്തില്‍ അലഞ്ഞ് തിരിയുന്നുണ്ടെന്നും ഇവിടെ താമസിക്കുന്നവരെ വേട്ടയാടുമെന്നുമാണ് വര്‍ഷങ്ങളായിട്ടുള്ള പ്രചാരണം.

'ഞാന്‍ നന്നായി ഉറങ്ങി. ബജറ്റ് കമ്മിറ്റി യോഗം ഇന്ന് പാര്‍ലമെന്റില്‍ ആരംഭിക്കും. ഒരു പുതുമ അനുഭവപ്പെടുന്നു. നന്നായി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്' ഔദ്യോഗിക വസതിയില്‍ ആദ്യ ഉറക്കത്തിന് ശേഷം കിഷിദ മാധ്യമങ്ങളോട്  പറഞ്ഞു.

കെട്ടിടത്തില്‍ എവിടയെങ്കിലും പ്രേതത്തെ കണ്ടോ എന്ന ചോദ്യത്തിന് തനിക്കൊന്നും കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം സരസമായി മറുപടി നല്‍കി. 

ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ട കെട്ടിടം, 'പ്രേതങ്ങളുടെ വിഹാര കേന്ദ്രം'

1932ല്‍ ഒരു പട്ടാള അട്ടിമറി ശ്രമത്തിനിടെ അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകോയി ഈ വസതിയില്‍ വെച്ച് കൊല്ലപ്പെട്ടു. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു പട്ടാള  അട്ടിമറി ശ്രമവും ഇവിടെ നടന്നു. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഈ രണ്ടു അട്ടിമറികളില്‍ കൊല്ലപ്പെട്ടു. മരിച്ചവരുടെ ആത്മാക്കാള്‍ ഈ കെട്ടിടത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന് ജപ്പാനില്‍ വിശ്വാസം പരന്നു. 

2011-12 കാലത്ത് പ്രധാനമന്ത്രിയായിരുന്ന യോഷിഹിക്കോ നോഡയാണ് ഔദ്യോഗിക വസതിയില്‍ അവസാനമായി താമസിച്ച നേതാവ്. പ്രധാനമന്ത്രിയുടെ ഓഫീസ് നിലനില്‍ക്കുന്ന അതേ കോമ്പൗണ്ടിലുള്ള ഈ വസതിയിലേക്ക് ഇപ്പോള്‍ കിഷിദയുടെ മാറ്റം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള ശ്രദ്ധ ക്ഷണിക്കലിന് വേണ്ടിയുള്ളതാണെന്ന് ജപ്പാനീസ് മാധ്യമങ്ങള്‍ പറഞ്ഞു.

കിഷിദയുടെ മുന്‍ഗാമി, മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, അദ്ദേഹത്തിന്റെ ഭരണകാലത്ത് പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയത്തിലാണ് താമസിച്ചിരുന്നത്, മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ 2012 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ടോക്കിയോയിലെ തന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com