ബാബ വാന്‍ഗ, ട്വിറ്റര്‍
ബാബ വാന്‍ഗ, ട്വിറ്റര്‍

അന്യഗ്രഹജീവികള്‍ ഭൂമിയെ ആക്രമിക്കും, ഭൂമികുലുക്കം, സുനാമി; 2022ല്‍ ഇന്ത്യയിലും ചിലത് സംഭവിക്കും: വാന്‍ഗയുടെ പ്രവചനം

2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചതിലൂടെയാണ് ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്

പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കഴിഞ്ഞ രണ്ടുവര്‍ഷം പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ലോകം കോവിഡിന്റെ പിടിയിലമരുന്ന കാഴ്ചയാണ് കണ്ടത്. വരുന്ന വര്‍ഷം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന നല്ലൊരു വര്‍ഷമായിരിക്കണേ എന്ന ചിന്തയാണ് ഭൂരിഭാഗം ആളുകള്‍ക്കും. രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ ഒരു പ്രവാചകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചതിലൂടെയാണ് ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ലാണ് അന്തരിച്ചത്. മരണത്തിന് മുന്‍പ് ഇവര്‍ 2022 വര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചനമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. 

വരാനിരിക്കുന്ന വര്‍ഷം ലോകം വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചത്.  അടുത്ത വര്‍ഷത്തേക്കുള്ള അവരുടെ 'പ്രവചനങ്ങള്‍' ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു. ഈ പ്രവചനങ്ങള്‍ക്കൊന്നും രേഖാമൂലമുള്ള തെളിവുകളും ലഭ്യമല്ല.

2022 ല്‍ ഇന്ത്യയിലെ കാര്‍ഷിക ഭൂമിയില്‍ വന്‍ വെട്ടുക്കിളി ആക്രമണം നടക്കുമെന്ന് വാന്‍ഗ പ്രവചിക്കുന്നു. കടുത്ത ക്ഷാമം ഉണ്ടാകുമെന്നും അവര്‍ പ്രവചിക്കുന്നു. ഇന്ത്യയില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാം. ഇതിന്റെ സ്വാധീനഫലമായി ഇന്ത്യയില്‍ വെട്ടുക്കിളിയുടെ ആക്രമണം ഉണ്ടാകാമെന്നും പ്രവചനത്തില്‍ പറയുന്നു.

അടുത്തവര്‍ഷം കുടിവെള്ള പ്രതിസന്ധി പല നഗരങ്ങളെയും ബാധിക്കും.സൈബീരിയയില്‍ മാരകമായ ഒരു വൈറസ് കണ്ടെത്തുമെന്ന് അവര്‍ പ്രവചിച്ചിട്ടുണ്ടെന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടിലുണ്ട്. ആഗോളതാപനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വൈറസ് അനിയന്ത്രിതമായി പെരുകുമെന്നും പ്രവചനത്തില്‍ പറയുന്നു. അന്യഗ്രഹജീവികള്‍ ഭൂമിയെ ആക്രമിക്കും. ഭൂമിയുടെ പല ഭാഗങ്ങളിലും ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുമെന്ന പ്രവചനവും വാന്‍ നടത്തിയിട്ടുണ്ട്. 

ഒബാമയുടെ തിരഞ്ഞെടുപ്പും സെപ്റ്റംബര്‍ 11ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും വാന്‍ഗ പ്രവചിച്ചിരുന്നു എന്ന വാദം വാസ്തവിരുദ്ധമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. അവരുടെ പേരില്‍ പ്രചരിക്കുന്ന മിക്ക കാര്യങ്ങളും വ്യാജമാണ്. എങ്കിലും വാന്‍ഗയുടെ പ്രവചനങ്ങളെല്ലാം ഓരോ വര്‍ഷവും സമൂഹ മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്. 1979 ലാണ് വാന്‍ഗ ഈ പ്രവചനങ്ങളെല്ലാം നടത്തിയത്. റഷ്യ ലോകം ഭരിക്കുമെന്നും യൂറോപ്പ് തരിശുഭൂമിയാകുമെന്നും വാന്‍ഗ പ്രവചിച്ചിരുന്നു. 2021 ല്‍ കാന്‍സറിനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നതാണ് വാന്‍ഗയുടെ പ്രവചനങ്ങളിലൊന്ന്.

അതേസമയം, 2028 ആവുന്നതോടെ ലോകത്താര്‍ക്കും ഭക്ഷ്യ ക്ഷാമം നേരിടേണ്ടി വരില്ലെന്നും വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. 2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും 5071 വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. അന്‍പത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങള്‍ വാന്‍ഗ പ്രവചിച്ചതായാണു അവരെ പിന്തുടരുന്നവര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com