ചുഴലിക്കാറ്റിൽ പറന്നു പോയി! കുഞ്ഞുങ്ങൾക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

ചുഴലിക്കാറ്റിൽ പറന്നു പോയി! കുഞ്ഞുങ്ങൾക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)
ഫോട്ടോ: ട്വിറ്റർ‍
ഫോട്ടോ: ട്വിറ്റർ‍

ന്യൂയോർക്ക്: യുഎസിലെ കെന്റകിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് രണ്ട് കുഞ്ഞുങ്ങൾ. ഇവരുടെ വീട് തകർന്നപ്പോൾ രക്ഷാപ്രവർത്തകർ വീടിന് പരിസരത്ത് നിന്ന് ബാത്ടബ്ബിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു. ഒരു വയസും മൂന്നു മാസവും പ്രായമുള്ള കേദനും മൂന്നു മാസം മാത്രം പ്രായമുള്ള ഡാലസുമാണ് ചുഴലിക്കാറ്റിനെ അവിശ്വസനീയമായി അതിജീവിച്ചത്. 

ഡിസംബർ പത്തിന് കെന്റകിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ മുത്തശ്ശിയായ ക്ലാര ലുറ്റ്‌സ് അവരെ പുതപ്പിൽ പൊതിഞ്ഞ് ബാത്ടബ്ബിൽ കിടത്തുകയായിരുന്നു. പുതപ്പിനും തലയിണയ്ക്കുമൊപ്പം ഒരു ബൈബിളും ക്ലാര ബാത്ടബ്ബിൽ വെച്ചിരുന്നു. ശക്തമായ ചുഴലിക്കാറ്റിൽ വീട് തകരുകയും കുഞ്ഞുങ്ങളെ കിടത്തിയ ബാത്ടബ്ബ് പറന്നു പോകുകയും ചെയ്തു.

പിന്നീട് രക്ഷാപ്രവർത്തകർ വീടിനു പരിസരത്ത് ബാത്ടബ്ബ് കണ്ടെത്തി. അതിൽ നിന്ന് സുരക്ഷിതരായി രണ്ടു കുഞ്ഞുങ്ങളെയും രക്ഷപ്രവർത്തകർ കണ്ടെടുക്കുകയും ചെയ്തു. ബൈബിളും തന്റെ പ്രാർഥനയുമാണ് പേരക്കുഞ്ഞുങ്ങളെ രക്ഷിച്ചതെന്ന് ക്ലാര പറയുന്നു. 

'ചുഴലിക്കാറ്റ് വീശുന്നത് എനിക്ക് അറിയാമായിരുന്നു. വീട് കുലുങ്ങുന്നതു പോലെ തോന്നി. ഞാൻ ബാത്ടബ്ബിൽ പിടിമുറുക്കി. പക്ഷേ അത് തറയിൽ നിന്ന് വേറിട്ട് മുകളിലേക്ക് പോയി. എനിക്ക് പിടിച്ചുനിർത്താനായില്ല. ബാത്ടബ്ബ് എവിടെപ്പോയി എന്ന് എനിക്കറിയില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങൾ എവിടെപ്പോയി എന്നും അറിയില്ലായിരുന്നു. പ്രാർഥിക്കുക മാത്രമായിരുന്നു എന്റെ മുമ്പിലെ വഴി.  വീട് ആകെ തകർന്നടിഞ്ഞു. വാട്ടർ ടാങ്കിലെ ട്യൂബ് എന്റെ തലയുടെ പിന്നിൽ ഇടിച്ചു.'

'പിന്നീട് ഞാൻ രക്ഷാപ്രവർത്തകരുടെ സഹായം തേടി. വീടിന്റെ മുറ്റത്തു നിന്ന് തല കീഴായ രൂപത്തിൽ, പൊട്ടിപ്പൊളിഞ്ഞ ബാത്ടബ്ബ് കണ്ടെത്തി. അതിന് കീഴെയായിരുന്നു രണ്ടു കുഞ്ഞുങ്ങളും. അവരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ആദ്യം കേദനേയും പിന്നീട് ഡാലസിനേയും പുറത്തെത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനാൽ ഡാലസിനേയുമെടുത്ത് രക്ഷാപ്രവർത്തകർ വാണ്ടർബിവൽട്ട് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് ഓടി'- ക്ലാര ലൂറ്റ്‌സ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com