23 മണിക്കൂര്‍, 140 പേരടങ്ങിയ മെഡിക്കല്‍ സംഘം; അപൂര്‍വ്വ ശസ്തക്രിയയ്‌ക്കൊടുവില്‍ പുതിയ മുഖവും കൈകളുമായി യുവാവ്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് മുഖവും ഇരുകൈകളും മാറ്റവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ ഇതിനുമുമ്പ് രണ്ടുതവണ മാത്രം
വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

ന്യൂയോര്‍ക്ക്: കാറപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 22കാരന്‍ ജോ ഡിമോ ഇന്നൊരു പുതിയ മുഖത്തിന്റെ ഉടമയാണ്. അവന്‍ പതിയെ ചിരിക്കാന്‍ പഠിച്ചു, കണ്ണുചിമ്മാനും, നുള്ളാനും, തുമ്മാനുമൊക്കെ മെല്ലെ ശീലിച്ചുവരുകയാണ്. കഴിഞ്ഞ ആറ് മാസമായി കൊച്ചുകുട്ടിയെപ്പോലെ ജീവിതത്തിലെ ഓരോ പാഠങ്ങളും വീണ്ടും പഠിക്കുകയാണ് ഈ യുവാവ്.

രണ്ട് വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് ജോയ്ക്ക് ശരീരമാസകലം പൊള്ളലേറ്റത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ശസ്ത്രക്രിയയിലൂടെ ജോയുടെ മുഖവും ഇരുകൈകളും മാറ്റിവച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് മുഖവും ഇരുകൈകളും മാറ്റവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ ഇതിനുമുമ്പ് രണ്ടുതവണ മാത്രം.

2009ലായിരുന്നു ആദ്യത്തേത്. നിര്‍ഭാഗ്യവശാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ രോഗി മരിച്ചു. രണ്ട് വര്‍ഷത്തിനിപ്പുറം ചിമ്പാന്‍സിയുടെ ആക്രമണത്തിന് ഇരയായ സ്ത്രീയ്ക്ക് ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം അവരുടെ ശരീരത്തില്‍ നിന്നും കൈകള്‍ നീക്കം ചെയ്യേണ്ടിവന്നു. ഇതുകൊണ്ടൊക്കെതന്നെ ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു യുവാവിന്റെ അവയവമാറ്റം.

ശസ്ത്രക്രിയയ്ക്ക് മുമ്പ് മാസങ്ങളാണ് ജോ കോമയില്‍ ചിലവിട്ടത്. ഇതിനിടയില്‍ ഇരുപതോളം ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. പലതവണ ചര്‍മ്മം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഇവയൊന്നും വേണ്ട ഫലം കണ്ടെത്താന്‍ പ്രാപ്തമല്ലെന്ന് വ്യക്തമായതോടെയാണ് അവയമാറ്റത്തെക്കുറിച്ച് വൈദ്യസംഘം ചിന്തിച്ചത്. ഒടുവില്‍ 2019ന്റെ തുടക്കത്തിലാണ് ഈ സാധ്യത പ്രയോജനപ്പെടുത്താമെന്ന തീരുമാനത്തിലേക്കെത്തിയത്.

ഡോക്ടറെ കണ്ടെത്തുന്നതടക്കം പല പ്രതിസന്ധികളം നേരിടേണ്ടിവന്നു. ജോയുമായി എല്ലാതരത്തിലും യോജിക്കുന്ന അവയവദാദാവിനെ കണ്ടെത്തുകയായിരുന്നു ഏറ്റവും ദുഷ്‌കരം. ആറ് ശതമാനം സാധ്യത മാത്രമാണ് ഇതിന് കല്‍പിക്കപ്പെട്ടിരുന്നത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അവയവദാതാക്കളുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനിടയില്‍ ഡെല്ലവെയറില്‍ നിന്ന് ഡോണറെ കണ്ടെത്തി. പിന്നെ 23 മണിക്കൂര്‍ നിണ്ട ശസ്ത്രക്രിയ നടന്നു.

ജോയുടെ കൈകള്‍ മുറിച്ചുമാറ്റി പുതിയത് ചേര്‍ത്തു. നെറ്റിയും പുരികവും മൂക്കും, കണ്‍പോള, ചുണ്ട്, കാതുകള്‍ എന്നിങ്ങനെ മുഖം പൂര്‍ണ്ണമായും മാറ്റി. മുന്‍കാല സ്ഥിതിഗതികള്‍ നോക്കുമ്പോള്‍ ശസ്ത്രക്രിയ വിജയിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നെന്ന് മെഡിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ. എഡ്‌വര്‍ഡോ റോഡ്രിഗസ് പറഞ്ഞു. എന്നാല്‍ ഇതുവരെ ജോ പ്രശ്‌നങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബറില്‍ ആശുപത്രി വിട്ടെങ്കിലും ജോ ഇപ്പോഴും കൃത്യമായ ചികിത്സ തുടരുന്നുണ്ട്. പുരികം ഉയര്‍ത്താനും, കണ്ണ് അടയ്ക്കാനും തുറക്കാനും എന്നുവേണ്ട എല്ലാ കാര്യങ്ങള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. കൈയ്യിലും നെറ്റിയിലുമൊക്കെ ജോയ്ക്ക് ഇപ്പോള്‍ തണുപ്പ് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ചിലപ്പോഴൊക്കെ മുഖത്ത് വീണുകിടക്കുന്ന മുടി തനിയെ ഒതുക്കിവയ്ക്കും. തന്നെ വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനുമൊക്കെ ജോയ്ക്ക് കഴിയുന്നുണ്ട്. ജീവിതത്തില്‍ പുതിയ ഒരു അവസരം കിട്ടിയിരിക്കുകയാണ്, ഇത് വിട്ടുകളയാന്‍ പറ്റില്ലല്ലോ, ജോ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com