ട്രംപ് ഉടന്‍ ഒഴിയണം, അല്ലെങ്കില്‍ കുറ്റവിചാരണ; നടപടിക്ക് സ്പീക്കറുടെ അനുമതി, പ്രമേയം തിങ്കളാഴ്ച

ഇത് രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്
ട്രംപ് അനുകൂലികളുടെ പ്രതിഷേധം / പിടിഐ ചിത്രം
ട്രംപ് അനുകൂലികളുടെ പ്രതിഷേധം / പിടിഐ ചിത്രം

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ രാജിവച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് സ്പീക്കർ നാൻസി പെലോസി. തെരഞ്ഞെടുപ്പ് തോൽവി അം​ഗീകരിക്കാൻ വിസമ്മതിച്ച് ട്രംപ് അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോൾ ഹിൽ ബിൽഡിം​ഗിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇംപീച്ച്മെന്റ് നടപടി. 

ഈ മാസം 20-ാം തിയതിയാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. പക്ഷെ നിലവിലെ രാജ്യത്തെ അവസ്ഥ പരി​ഗണിച്ച് ട്രംപിനെ ഉടനടി നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നാൻസി പെലോസി അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിയാൻ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് നിർബന്ധിത രാജി ട്രംപിനെ തേടിയെത്തുന്നത്. ഇത് രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്. 

പ്രസിഡന്റ് ഉടൻ രാജിവെക്കുമെന്നത് അംഗങ്ങളുടെ പ്രതീക്ഷയാണെന്നും ഇല്ലെങ്കിൽ ഇംപീച്ച്‌മെന്റിനുള്ള പ്രമേയവുമായി മുന്നോട്ട് പോകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പെലോസി പറഞ്ഞു. ആക്രമണത്തിന് പ്രോത്സാഹനം നൽകുന്ന ഒരു പ്രസിഡന്റ് അധികാരത്തിലിരിക്കുന്നത് തുടരാനാകില്ലെന്നാണ് ജനപ്രതിനിധിസഭയിലെ അം​ഗങ്ങളുടെ നിലപാട്. ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്ന ഓരോ ദിവസവും അമേരിക്കയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.  

ട്രംപ് തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡ‍ൻ പറഞ്ഞു. തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com