ചരിത്രം വഴി മാറ്റി അവർ കുതിച്ചു ബഹിരാകാശത്തേയ്ക്ക്; റെക്കോർഡുകൾ തീർത്ത് ജെഫ് ബെസോസും സംഘവും (വീഡിയോ)

ചരിത്രം വഴി മാറ്റി അവർ കുതിച്ചു ബഹിരാകാശത്തേയ്ക്ക്; റെക്കോർഡുകൾ തീർത്ത് ജെഫ് ബെസോസും സംഘവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടൻ: ബഹിരാകാശത്തേക്ക് പറന്ന് ശതകോടീശ്വരനും ആമസോൺ മേധാവിയുമായ ജെഫ് ബെസോസ്‌. യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ വിക്ഷേപണത്തറയിൽ നിന്ന് ചരിത്രത്തിലേക്കായിരുന്നു ജെഫ് ബെസോസിന്റെയും ഒപ്പമുള്ള മൂന്ന് പേരുടെയും പറക്കൽ. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു യാത്ര. 

ജൂലൈ 20 ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്. എവിടെയും പിഴച്ചില്ല, 10 മിനിറ്റ് 21 സെക്കൻഡിൽ എല്ലാം ശുഭം. 7 മിനിറ്റ് 32–ാം സെക്കൻഡിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിങ്‌പാഡിലേക്കു തിരിച്ചെത്തി. 8 മിനിറ്റ് 25–ാം സെക്കൻഡിൽ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21–ാം സെക്കൻഡിൽ ക്യാപ്‌സൂൾ നിലം തൊട്ടു. ദൃശ്യങ്ങൾ കമ്പനി തത്സമയം സംപ്രേഷണം ചെയ്തു. 

ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച് ആ നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തിയപ്പോൾ പിറന്നത് പല ഗിന്നസ് റെക്കോർഡുകൾ. ഇതാദ്യമായി, ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോർഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കോർഡുകളും ഇതോടൊപ്പം പിറന്നു.

യാത്രികകരെല്ലാം സുരക്ഷിതർ. ലോകം കൈയടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിൻ സ്പേസ് കമ്പനിക്ക് ഇതു സ്വപ്ന സാക്ഷാത്‌കാരത്തിന്റെ നിമിഷം.

അതീവ സന്തോഷവാനാണെന്ന് ബെസോസ് പ്രതികരിച്ചു. ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കൽ.

ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതിന്റെ 52-ാം വാർഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. 1969 ജൂലൈ 20-നായിരുന്നു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തുന്നത്. 'യൂറി ഗഗാറിനാണ് ബഹിരാകാശത്ത് ആദ്യം എത്തിയത്. അത് എന്നേ കഴിഞ്ഞതാണ്. ഇപ്പോഴുള്ള യാത്രകൾ മത്സരങ്ങളല്ല. വരുന്ന തലമുറകൾക്ക് ബഹിരാകാശത്തേക്കുള്ള യാത്രകൾ സുഖകരമാക്കാനുള്ളതാണ്' - നേരത്തെ ജെഫ് ബെസോസ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com