ഹജ്ജ് ഇക്കുറിയും തദ്ദേശീയര്‍ക്ക് മാത്രം; ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ റദ്ദാക്കി 

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി രാജ്യത്ത് നിന്നുള്ള അപേക്ഷകള്‍ റദ്ദാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി രാജ്യത്ത് നിന്നുള്ള അപേക്ഷകള്‍ റദ്ദാക്കി. എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തദ്ദേശീയര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മ്മം ചെയ്യാന്‍ അനുവാദമുള്ളൂ. ഇക്കാര്യം സൗദി അറേബ്യ ഇന്ത്യയെ അറിയിച്ചതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായി ഹജ്ജ് കര്‍മ്മം പരിമിതപ്പെടുത്തിയത്.  ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 4,50,000 ഓളം അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരില്‍ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേര്‍ക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചതാണ്.

https://localhaj.haj.gov.sa/LHB എന്ന വെബ് പോര്‍ട്ടല്‍ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രജിസ്ട്രേഷന്‍ 10 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. എന്നാല്‍ രജിസ്ട്രേഷന്‍ ആരംഭിച്ച് 24 മണിക്കൂര്‍ ആയപ്പോഴേക്കും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലുള്ള രജിസ്ട്രേഷന്‍ കൂടി കണക്കിലെടുത്താല്‍ ഇനിയും എത്രയോ ഇരട്ടി അപേക്ഷകളായിരിക്കും ലഭിക്കുക. ഇത്രയും അപേക്ഷകരില്‍ നിന്നും 60,000 പേര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരമുണ്ടാവുക.സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com