അരുണാചല്‍ അതിര്‍ത്തിക്കു സമീപം ചൈനയുടെ ബുള്ളറ്റ് ട്രെയിന്‍; ടിബറ്റിനെ ബന്ധിപ്പിച്ച് 435 കിലോമീറ്റര്‍ പാത, നിരീക്ഷിച്ച് ഇന്ത്യ-വീഡിയോ

ടിബറ്റില്‍ വിദൂര ഹിമാലയന്‍ പ്രദേശത്തേയ്ക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
ലാസ- നയിങ്ചി ബുള്ളറ്റ് ട്രെയിന്‍ പാത
ലാസ- നയിങ്ചി ബുള്ളറ്റ് ട്രെയിന്‍ പാത

ബീജിങ്: ടിബറ്റില്‍ വിദൂര ഹിമാലയന്‍ പ്രദേശത്തേയ്ക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന. അരുണാചല്‍ അതിര്‍ത്തിക്കു സമീപം ചൈന യാഥാര്‍ത്ഥ്യമാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ഇന്ത്യ ഗൗരവമായാണ് നിരീക്ഷിക്കുന്നത്.

ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ ലാസയെയും അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാന ടിബറ്റന്‍ അതിര്‍ത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വിസ്. 435.5 കിലോമീറ്റര്‍ വരുന്ന വൈദ്യുതികരിച്ച പാതയുടെ ഉദ്ഘാടനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികദിനമായ ജൂലൈ ഒന്നിന് മുന്‍പ് നിര്‍വഹിക്കാനാണ് തീരുമാനിച്ചത്. ടിബറ്റ് സ്വയംഭരണമേഖലയിലെ വൈദ്യുതീകരിച്ച ആദ്യ റെയില്‍വേ ഇന്നു രാവിലെയാണു തുറന്നത്. 

ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയില്‍വേ പാതയാണ് സിചുവാന്‍-ടിബറ്റ് റെയില്‍വേ. ക്വിന്‍ഹായ്-ടിബറ്റ് പാത ആണ് ആദ്യത്തേത്. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായി സജീവമായ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കായാണ് ഈ പാത കടന്നുപോകുന്നത്.

ചൈനയിലെ സിചുവാന്‍ പ്രവിശ്യയെയും ടിബറ്റിലെ നയിങ്ചിയെയും ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ് നവംബറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. അതിര്‍ത്തി സ്ഥിരത സംരക്ഷിക്കുന്നതില്‍ പുതിയ പാത പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.

സിചുവാന്‍-ടിബറ്റ് പാത സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ഡുവില്‍നിന്ന് ആരംഭിച്ച് യാന്‍ വഴി സഞ്ചരിച്ച് കാംഡോ വഴി ടിബറ്റിലേക്ക് പ്രവേശിക്കും. ചെങ്ഡുവില്‍നിന്ന് ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറില്‍നിന്ന് 13 മണിക്കൂറായി ചുരുക്കുന്നതാണ് ഈ പാത. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെഡോഗിലെ നഗരമാണ് നിയിങ്ചി. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ ഇത് നിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com