എലികളെ കൊണ്ട് പൊറുതിമുട്ടി! ഇന്ത്യയിൽ നിന്ന് വിഷം വാങ്ങാനൊരുങ്ങി ഓസ്ട്രേലിയ

എലികളെ കൊണ്ട് പൊറുതിമുട്ടി! ഇന്ത്യയിൽ നിന്ന് വിഷം വാങ്ങാനൊരുങ്ങി ഓസ്ട്രേലിയ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: രാജ്യത്ത് എലികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് എലി വിഷം വാങ്ങാൻ ഒരുങ്ങി ഓസ്ട്രേലിയ. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന ബ്രോമാഡിയോലോൺ എന്ന വിഷം 5000 ലിറ്റർ ഇന്ത്യയിൽ നിന്ന് വാങ്ങാനാണ് ഓസ്‌ട്രേലിയയുടെ നീക്കം. ഈ വിഷം ഓസ്ട്രേലിയയിൽ നിരോധിച്ചതിനാലാണ് ഇന്ത്യയിൽ നിന്ന് ഇവ വരുത്താൻ ഓസ്ട്രേലിയ ശ്രമിക്കുന്നത്. അതേസമയം ബ്രോമാഡിയോലോൺ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയയുടെ ഫെഡറൽ റെഗുലേറ്റർ ഇനിയും അനുമതി നൽകിയിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്ന എലി ശല്യം ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടുള്ളതല്ലെന്ന് ഓസ്‌ട്രേലിയൻ അധികൃതർ പറയുന്നു. ഈ മാസം കർഷകർ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയിൽസിന്റെ കാർഷിക മന്ത്രി ആദം മാർഷൽ പറഞ്ഞു. 

വിളകൾക്കു മാത്രമല്ല, തങ്ങളുടെ വീടുകൾക്കും എലികൾ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയിൽസിലെ ഗ്രാമീണ-നഗര മേഖലകളിലെ കർഷകർ പറയുന്നു. നൂറുകണക്കിന് എലികൾ വീടുകളുടെയും ഷെഡ്ഡുകളുടെയും മച്ചിൽ നടക്കുന്നത് എല്ലാ രാത്രികളിലും കേൾക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ചിലർ വിഷം നൽകിയും മറ്റു ചിലർ വെള്ളത്തിൽ മുക്കിക്കൊന്നുമാണ് എലി ശല്യം ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്. 

എലികളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സിങ്ക് സൾഫൈഡിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ അധികൃതർ കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ കിഴക്കൻ ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിലെ ആശുപത്രികളും ഹോട്ടലുകളിലും എലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ വലിയ തോതിൽ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. മേൽക്കൂരയിൽ നിന്നുംമറ്റും എലികൾ കൂട്ടമായി താഴേക്ക് വീഴുന്നതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 

50 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയ്ക്കു പിന്നാലെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഓസ്‌ട്രേലിയയിൽ കനത്ത മഴയും പെയ്തിരുന്നു. ഇതോടെ രാജ്യത്ത് ധാന്യങ്ങൾ വലിയ തോതിൽ കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു. ഇത് എലികൾക്ക് സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നതിന് കാരണമായി. ഹ്രസ്വമായ പ്രജനന കാലവും ഭക്ഷ്യധാന്യങ്ങൾ ധാരാളമായി ലഭിച്ചതുമാകാം കിഴക്കൻ സംസ്ഥാനങ്ങളിൽ എലികൾ പെറ്റുപെരുകാൻ കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com