ആദ്യം ചീറ്റും, വായ തുറന്ന് മണ്ണില്‍ കിടന്ന് ഉരുളും, മുറിവിലൂടെ രക്തം വരും, ചത്തതുപോലെ അനക്കമറ്റു കിടക്കും; അപൂര്‍വ്വയിനം 'സോംബി' പാമ്പുകള്‍- വീഡിയോ 

പാമ്പുകളുടെ കൂട്ടത്തിലെ മികച്ച അഭിനേതാവായ സോംബി പാമ്പുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം
അമേരിക്കയില്‍ കണ്ടുവരുന്ന അപൂര്‍വ്വയിനം പാമ്പ്
അമേരിക്കയില്‍ കണ്ടുവരുന്ന അപൂര്‍വ്വയിനം പാമ്പ്

'ആദ്യം ചീറ്റും, രക്ഷയില്ലെന്ന് മനസിലാക്കിയാല്‍ വായ തുറന്ന് മണ്ണില്‍ കിടന്ന് ഉരുളും, ഒടുവില്‍ ചത്തതുപോലെ അനക്കമറ്റു കിടക്കും' - ഏതു ജീവിയെ കുറിച്ചാണ് പറയുന്നത് എന്ന ചോദ്യം ഉയരാം. അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ കണ്ടുവരുന്ന അപൂര്‍വ്വയിനം പാമ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആരെങ്കിലും അബദ്ധവശാല്‍ ഈ പാമ്പിന്റെ മുന്നില്‍ പെട്ടാല്‍ അതിന്റെ ചെയ്തികള്‍ കണ്ട് പേടിക്കാതിരിക്കാന്‍ ജോര്‍ജിയ നിവാസികള്‍ മുന്നറിയിപ്പും നല്‍കുന്നു.

പാമ്പുകളുടെ കൂട്ടത്തിലെ മികച്ച അഭിനേതാവായ സോംബി പാമ്പുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോര്‍ജിയയിലെയിലെ വൈല്‍ഡ് ലൈഫ് റിസോഴ്‌സ് വിഭാഗം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സോംബി പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അബദ്ധത്തില്‍ മനുഷ്യരുടെ മുന്നില്‍ പെട്ട കറുപ്പു നിറമുള്ള സോംബി പാമ്പിന്റെ പ്രകടനങ്ങളാണ് ദൃശ്യത്തിലുള്ളത്. മനുഷ്യ സാമീപ്യം തിരിച്ചറിഞ്ഞ പാമ്പ് ആദ്യം മൂര്‍ഖന്‍ പാമ്പിനെ പോലെ ചീറ്റുന്നതും രക്ഷയില്ലെന്ന് മനസ്സിലാക്കി വായ തുറന്ന് മണ്ണില്‍ കിടന്നുരുണ്ട് ഒടുവില്‍ ചത്തതുപോലെ അനക്കമറ്റു കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

അപൂര്‍വ്വയിനം 'സോംബി' പാമ്പുകള്‍

ഒറ്റ നോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പിനോടു സാമ്യം തോന്നുമെങ്കിലും ആ ഗണത്തിലൊന്നും പെടുന്നതല്ല സോംബി പാമ്പ്. ഈസ്റ്റേണ്‍ ഹൂഗ്നോസ് സ്‌നേക്ക് എന്നാണ് ഇവയുടെ യഥാര്‍ഥ പേര്. തവിട്ട് നിറത്തിലോ കടുത്ത ചാര നിറത്തിലോ കാണപ്പെടുന്ന ഇവയുടെ പുറത്ത് ഇരുണ്ട നിറത്തിലുള്ള പുള്ളികളുമുണ്ട്. തല അല്‍പം പരന്നതാണ്. വിഷമില്ലാത്തയിനം പാമ്പാണ് സോംബി പാമ്പുകള്‍. ശത്രുക്കളുടെ മുന്നില്‍ അകപ്പെട്ടാല്‍ അപ്പോള്‍ തന്നെ സോംബി തന്റെ അഭിനയ പാടവം പുറത്തെടുക്കും. മൂര്‍ഖന്‍ പാമ്പ് ചീറ്റുന്നത് പോലെ ചീറ്റി ഉഗ്രശബ്ദമുണ്ടാക്കിയാണ് തുടക്കം. പിന്നാലെ മെല്ല കിടന്നുരുളാന്‍ തുടങ്ങും. ഉരുളുന്നതിനിടയില്‍ ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ രക്തം വരും. പിന്നീട് വായ തുറന്ന് ചലനങ്ങളൊന്നുമില്ലാതെ ചത്തതുപോലെ മലന്നു കിടക്കും. ആരു കണ്ടാലും പാമ്പ് ചത്തുപോയെന്നേ കരുതൂ. 

 ശത്രു പോയെന്ന് ഉറപ്പ് വരുത്തിയാല്‍ പതിയെ തലപൊക്കി നോക്കി അഭിനയം മതിയാക്കി സ്ഥലത്ത് നിന്ന് കടന്നുകളയുന്നതാണ് സോംബിയുടെ രീതി. യുഎസിലെ കിഴക്കന്‍ മേഖലയിലാണ് ഈ പാമ്പുകള്‍ സാധാരണയായി കാണപ്പെടുന്നത്. ഫ്‌ലോറിഡ, ടെക്‌സാസ്, മിനസോട്ട എന്നീ പ്രദേശങ്ങളില്‍ ഇവ  ധാരാളമുണ്ട്. ഏകദേശം നാലടി വരെ നീളം വയ്ക്കാറുണ്ട് സോംബി പാമ്പുകള്‍ക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com