യു എൻ  കാലാവസ്ഥാ ഉച്ചകോടിക്ക് ​ഇന്ന് തുടക്കം; മോദി അടക്കം 120 രാഷ്ട്രനേതാക്കൾ പങ്കെടുക്കും

ആഗോളതാപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും കരാറുകളും ഉച്ചകോടിയിലുണ്ടായേക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗ്ലാസ്ഗോ: ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടി സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഇന്ന് തുടങ്ങും. നവംബര്‍ 12 വരെയാണ് ഉച്ചകോടി നടക്കുന്നത്. പാരീസ് ഉടമ്പടി അടക്കം മുന്‍ ഉച്ചകോടികളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാൻ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികൾ ​ഗ്ലാസ്​ഗോ ഉച്ചകോടി വിലയിരുത്തും. 

നവംബര്‍ ഒന്നിനും രണ്ടിനും നടക്കുന്ന ലോകനേതാക്കളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 120 രാഷ്ട്രനേതാക്കൾ പങ്കെടുക്കും. ആഗോളതാപനം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും കരാറുകളും ഉച്ചകോടിയിലുണ്ടായേക്കും. 

പാരീസ് ഉടമ്പടിയിലെ നിർദേശപ്രകാരം  താപനില നിയന്ത്രിക്കാനുള്ള നടപടികൾ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050-ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രതിജ്ഞചെയ്തിട്ടുണ്ട്. കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (സി.ഒ.പി.) 26-ാം സമ്മേളനം കഴിഞ്ഞവർഷം നടക്കാനിരുന്നതാണ്. ഇത് കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

വിവിധ രാജ്യങ്ങളുടെ നേതാക്കൾ, മന്ത്രിമാർ, കാലാവസ്ഥാവിദഗ്‌ധർ, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്ട്രസംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവരാണ് സി.ഒ.പി.യിൽ പങ്കെടുക്കുന്നത്. ഇതിനായി ലോകമെമ്പാടുനിന്ന്‌ മുപ്പതിനായിരത്തിലേറെ പ്രതിനിധികൾ ഗ്ലാസ്‌ഗോയിലെത്തും. 

അന്തരീക്ഷത്തിലെ താപനില 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ചെറുത്തുനില്‍പ്പ് ശക്തമാക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ആഗസ്റ്റിൽ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com