'യൂ ബ്ലഡി ഫൂള്‍'; താറാവ് വിളിച്ചത് കേട്ട് ഞെട്ടി 

ബ്ലഡി ഫൂള്‍ എന്നു പറയാന്‍ മാത്രമല്ല, നിരവധി വാക്കുകള്‍ ഉച്ചരിക്കാനും ജനലുകളും കതകുകളുമൊക്കെ അടയുന്ന ശബ്ദം പുറപ്പെടുവിക്കാനും താറാവിന് കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


സിഡ്‌നി: മനുഷ്യരെപ്പോലെ സംസാരിക്കുന്ന തത്തകളെയും മൈനകളെയും എല്ലാവരും കാണാനിടയുണ്ട്. എന്നാല്‍ ചില താറാവുകളും മനുഷ്യരെ പോലെ സംസാരിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.  ഓസ്‌ട്രേലിയന്‍ മസ്‌ക് ഡക്ക് എന്നയിനം താറാവുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 

പഠനത്തിന്റെ ഭാഗമായി ഇത്തരം താറാവുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ശാസ്ത്രജ്ഞര്‍ വിലയിരുത്തി. ഇക്കൂട്ടത്തില്‍ റിപ്പര്‍ എന്നു പേരുള്ള താറാവിന്റെ ശബ്ദം പരിശോധിച്ചപ്പോള്‍'യൂ ബ്ലഡി ഫൂള്‍' എന്നാണത്രേ എപ്പോഴും പറയുന്നത്. ഇതിന്റെ കാരമായി ശാസ്ത്രജ്ഞര്‍ പറയുന്നത് താറാവിനെ വളര്‍ത്തിയ ഉടമ എപ്പോഴും ഈരീതിയില്‍ സംസാരിക്കുന്നത് കേട്ട് പഠിച്ചതാകാമെന്നാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റിപ്പറിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തത്. ബ്ലഡി ഫൂള്‍ എന്നു പറയാന്‍ മാത്രമല്ല, നിരവധി വാക്കുകള്‍ ഉച്ചരിക്കാനും ജനലുകളും കതകുകളുമൊക്കെ അടയുന്ന ശബ്ദം പുറപ്പെടുവിക്കാനുമൊക്കെ റിപ്പറിനു കഴിഞ്ഞതായും ശാസ്ത്രജ്ഞര്‍ പറയുന്നു.

പിന്നീട് ഓസ്‌ട്രേലിയിലെ ടിഡ്ബിന്‍ബില്ലയിലുള്ള ഒരു താറാവും ഇത്തരം അനുകരണശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മസ്‌ക് താറാവുകള്‍ ബ്രിട്ടനിലുമുണ്ട്. ഇവ കുതിരകളുടെയും വാഹനങ്ങളുടെയുമൊക്കെ ശബ്ദങ്ങള്‍ അനുകരിക്കാറുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ശുദ്ധമായ അനുകരണമാണ് താറാവുകള്‍ നടത്തുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. 

ഇത്തരം താറാവുകള്‍ കുട്ടിക്കാലത്തു തന്നെ അമ്മത്താറാവ് പുറപ്പെടുവിക്കുന്ന ശബ്ദം കേട്ടുമനസ്സിലാക്കി ആ രീതിയില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ നോക്കാറുണ്ട്. റിപ്പറിന്റെ കേസില്‍, അവന് അമ്മയില്ലായിരുന്നു. വളര്‍ന്ന ഫാമിലെ സൂക്ഷിപ്പുകാരനെയാകാം അവന്‍ രക്ഷിതാവായി വിചാരിച്ചതെന്നും അതാകാം അയാളുടെ സംഭാഷണശൈലി പകര്‍ത്തിയതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മസ്‌ക് താറാവുകള്‍ ഇണതേടുമ്പോഴും ശബ്ദം വലിയ റോള്‍ വഹിക്കുന്നുണ്ട്. ഏറ്റവും നന്നായി ശബ്ദമുണ്ടാക്കുന്ന ആണ്‍താറാവിനെയാണ് പെണ്‍താറാവുകള്‍ കൂടുതലും ഇണയായി തിരഞ്ഞെടുക്കുന്നതെന്നു ജന്തുശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

ഓസ്‌ട്രേലിയുടെ തെക്ക്, പടിഞ്ഞാറന്‍ മേഖലകളിലും ടാസ്മാനിയയിലുമാണ് മസ്‌ക് താറാവുകള്‍ കൂടുതലും വസിക്കുന്നത്. ഇവയുടെ ദേഹത്തു നിന്നുണ്ടാകുന്ന പ്രത്യേകതരം ഗന്ധം മൂലമാണ് ഇവയ്ക്ക് മസ്‌ക് എന്നു പേരു കിട്ടിയത്. ഇത്തരം താറാവുകള്‍ മാത്രമല്ല, ഓസ്‌ട്രേലിയയിലെ മറ്റു ചില പക്ഷികളും മിമിക്രിയില്‍ മിടുക്കരാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com