ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാക്‌സിന്‍ എടുക്കാതെ ന്യൂയോര്‍ക്കില്‍ എത്തി; ബ്രസീല്‍ പ്രസിഡന്റിനെ റസ്റ്ററന്റില്‍ കയറ്റിയില്ല, പുറത്തുനിന്ന് പിസ കഴിച്ചു, 'ലാളിത്യം' എന്ന അണികള്‍

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കഴിക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയെ അകത്ത് പ്രവേശിപ്പിക്കാതെ ന്യൂയോര്‍ക്കിലെ റസ്റ്ററന്റ് അധികൃതര്‍


ന്യൂയോര്‍ക്ക് സിറ്റി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കഴിക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയെ അകത്ത് പ്രവേശിപ്പിക്കാതെ ന്യൂയോര്‍ക്കിലെ റസ്റ്ററന്റ് അധികൃതര്‍. തുടര്‍ന്ന് റസ്റ്ററന്റിന് പുറത്തുനിന്ന് പിസ കഴിക്കുന്ന ബോള്‍സോനാരോയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. യൂണൈറ്റഡ് നേഷന്‍സിന്റെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായാണ് ബോള്‍സോനാരോ എത്തിയത്. 

കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ നിലപാട്. കോവിഡിനെതിരെ തനിക്ക് പ്രതിരോധ ശേഷിയുണ്ടെന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെടും മുന്‍പ് ബോള്‍സോനാരോ പറഞ്ഞിരുന്നു. 

റസ്റ്ററന്റിന് പുറത്തുനിന്ന് പ്രസിഡന്റ് പിസ കഴിക്കുന്നതിന്റെ ചിത്രം ബോള്‍സോനാരോയുടെ ക്യാബിനറ്റിലെ രണ്ട് മന്ത്രിമാര്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തിന് റസ്റ്ററന്റ് അധികൃതര്‍ പുറത്താക്കിയ ബോള്‍സോനാരോയുടെ ലാളിത്യത്തെ വാഴ്ത്തുകയാണ് അണികള്‍. തെരുവില്‍ നിന്ന് പിസ കഴിക്കുന്നതില്‍ തങ്ങളുടെ നേതാവിന് മാനക്കേടില്ലെന്നാണ് ഇവരുടെ വാദം. 

പരിപാടിയില്‍ പങ്കെടുക്കാനായി നഗരത്തിലേക്ക് വരുന്ന എല്ലാ നേതാക്കളും വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന ചെവികൊള്ളാതെയാണ് ബോള്‍സോനാരോ എത്തിയത്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്‍ വീഴ്ച വരുത്തിയ ബോള്‍സോനാരോയ്ക്ക് എതിരെ ബ്രസീലില്‍ ജനരോക്ഷം ശക്തമാണ്. മാസ്‌ക് ധരിക്കേണ്ടതില്ലെന്നും കോവിഡ് വെറുമൊരു പനിപോലെയാണ് എന്നുമായിരുന്നു ബോള്‍സോനാരോ സ്വീകരിച്ചിരുന്ന നിലപാട്. പ്രസിഡന്റ് കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com