കിണര്‍ കുഴിക്കുന്നതിനിടെ പൊങ്ങിവന്നത് ഇന്ദ്രനീല കല്ലുകളുടെ ശേഖരം, മൂല്യം 750 കോടിയോളം രൂപ- വീഡിയോ 

ലോകത്തെ ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയില്‍ കണ്ടെത്തി
നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം, ടെലിവിഷന്‍ ചിത്രം
നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം, ടെലിവിഷന്‍ ചിത്രം

കൊളംബോ: ലോകത്തെ ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയില്‍ കണ്ടെത്തി. രത്‌നവ്യാപാരിയുടെ വീടിന് പിന്നില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വിലപ്പിടിച്ച കല്ലുകളുടെ ശേഖരം കണ്ടെത്തിയത്.ഇളംനീല നിറത്തിലുള്ള  വലിയ കല്ലുകണ്ട് സംശയം തോന്നിയ ജോലിക്കാരിലൊരാള്‍ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍  ഈ അമൂല്യ ശേഖരത്തിന് 750 കോടിയോളം രൂപ വിലമതിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. 

രത്‌നങ്ങള്‍ക്ക് പേരുകേട്ട രത്‌നപുര എന്ന പ്രദേശത്തുനിന്നുമാണ് ഇന്ദ്രനീല കല്ലുകളുടെ ശേഖരം ലഭിച്ചിരിക്കുന്നത്. കണ്ടെത്തിയ കല്ലിന് 510 കിലോഗ്രാം ഭാരമാണുള്ളത്. സെറന്റിപിറ്റി സഫയര്‍ എന്നാണ്  നക്ഷത്ര ഇന്ദ്രനീല ശേഖരത്തിന് പേരു നല്‍കിയിരിക്കുന്നത്.  ശേഖരം കണ്ടെത്തിയ ഉടന്‍ തന്നെ ഉടമസ്ഥന്‍ അധികൃതരെ വിവരമറിയിച്ചിരുന്നു. ബിബിസിയാണ് ഈ വാര്‍ത്തയുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്.

മണ്ണും ചെളിയും മൂടിയ നിലയിലായിരുന്നതിനാല്‍ സമയമെടുത്ത് വൃത്തിയാക്കിയ ശേഷമാണ്  ശേഖരം പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനുമായി സമര്‍പ്പിച്ചത്. പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും മുന്‍പ് രത്‌ന ശേഖരം പൂര്‍ണമായി വൃത്തിയാക്കേണ്ടതുണ്ട്. ഇതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏകദേശം 400 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപപ്പെട്ടതാവാം ഈ  ശേഖരമെന്ന് ജമോളജിസ്റ്റായ ഡോ. ഗമിനി സോയ്‌സ വിശദീകരിച്ചു.

ഇതിനുമുന്‍പും രത്‌നഗിരിയില്‍ നിന്നും അമൂല്യ രത്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ രത്‌ന തലസ്ഥാനം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com