ശബ്ദം കേട്ട് വീടിന്റെ ടെറസിലേക്ക്, ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍; 'ഭാര്യ ബോധം കെട്ട് വീണു'

തിങ്കളാഴ്ച കാബൂളിലെ വീടിനുള്ളില്‍ ഇരിക്കുമ്പോഴാണ് വാലി സലേഖ് ടെറസില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനില്‍ നിന്ന് നിരവധി ഹൃദയഭേദകമായ കാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കാബൂളില്‍ ശബ്ദം കേട്ട് വീടിന്റെ മുകളില്‍ പോയി നോക്കിയ സ്ത്രീ ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ട് ബോധം കെട്ട് വീണതായി റിപ്പോര്‍ട്ട്. 

തിങ്കളാഴ്ച കാബൂളിലെ വീടിനുള്ളില്‍ ഇരിക്കുമ്പോഴാണ് വാലി സലേഖ് ടെറസില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുന്നത്. ഒരു ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്നതു പോലുള്ള ശബ്ദമായിരുന്നുവെന്ന് 49കാരനായ വാലി പറയുന്നു. ഓടി വീടിന്റെ മുകളിലെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ചിന്നിച്ചിതറിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍. ഇതു കണ്ടതും ഭാര്യ ബോധംകെട്ടു വീണെന്ന് വാലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടന്‍ തന്നെ തുണി കൊണ്ടുവന്നു മൂടി. പിന്നീട് ബന്ധുക്കളെയും വിളിച്ചുകൂട്ടി മൃതദേഹങ്ങള്‍ അടുത്തുള്ള പള്ളിയില്‍ എത്തിച്ചു. അതിലൊരാള്‍ ഡോക്ടര്‍ സഫിയുള്ള ഹോത്തക്ക് ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പോക്കറ്റില്‍നിന്നു ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍നിന്നു തിരിച്ചറിഞ്ഞുവെന്ന് വാലി പറഞ്ഞു. രണ്ടാമന്‍ മുപ്പതുവയസുള്ള ഫിദാ മുഹമ്മദ് ആയിരുന്നു.  ഡല്‍ഹിയിലുള്ള ബന്ധുവിനോടാണ് വാലി ഇക്കാര്യം ഫോണില്‍ പറഞ്ഞത്. 

വിമാനത്തില്‍നിന്നു രണ്ടു പേര്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടുവെന്ന് അയല്‍വാസി പറഞ്ഞതോടെയാണ് വാലിക്കു കാര്യം പിടികിട്ടിയത്. താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ഏതുവിധേനയും രാജ്യം വിടാന്‍ യുഎസ് വിമാനത്തിന്റെ ടയറുകളില്‍ അള്ളിപ്പിടിച്ചിരുന്ന രണ്ട് പേരാണ് വിമാനം പറന്നുയര്‍ന്നതോടെ പിടിവിട്ട് വാലിയുടെ വീടിന്റെ ടെറസില്‍ വീണുമരിച്ചത്. വിമാനത്താവളത്തില്‍നിന്നു നാല് കിലോമീറ്റര്‍ ദൂരത്തിലാണ് വാലിയുടെ വീട്. വീഴ്ചയില്‍ ടെറസിന്റെ ഒരു ഭാഗവും തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com