ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്; ട്വിറ്റർ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് വിലക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 06:46 AM |
Last Updated: 09th January 2021 06:49 AM | A+A A- |

ഫയല്‍ ചിത്രം
വാഷിങ്ടൺ: ഫേയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പുറമേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്ററിലും വിലക്ക്. ട്രംപിൻറെ വേരിഫൈഡ് പ്രൊഫൈലും, ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചു. അമേരിക്കയിലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് നടപടി. ജനുവരി 20-ന് നടക്കുന്ന നിയുക്ത പ്രസിഡൻറ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് പോകില്ലെന്നതാണ് ട്രംപിന്റെ അവസാനത്തെ ട്വീറ്റ്. ഈ അക്കൗണ്ടിലൂടെ ഇനുയും അക്രമത്തിന് ആഹ്വാനം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനുള്ള ട്വിറ്റർ തീരുമാനം.
നേരത്തേ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ''ചോദിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ജനുവരി 20-നുള്ള ഉദ്ഘാടനച്ചടങ്ങിന് ഞാൻ പോകില്ല'', എന്നായിരുന്നു ട്രംപിന്റെ അവസാന ട്വീറ്റ്.
1869 മുതൽ ഒരു പ്രസിഡൻറ് പോലും അമേരിക്കയിൽ അധികാരക്കൈമാറ്റം നടത്താതിരിക്കുകയോ സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്തിട്ടില്ല. 1869-ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ തന്റെ പിന്തുടർച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനിൽക്കലാകും ട്രംപിന്റേത്.
ട്രംപ് അനുകൂലികൾ നത്തിയ കലാപത്തിലും ഇതിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിലും അഞ്ച് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരമായ ക്യാപിറ്റോൾ ഹൗസിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികളിൽ നിന്ന് രക്ഷപ്പെടാൻ കോൺഗ്രസ് അംഗങ്ങൾ ടണൽ മാർഗം പുറത്തുകടക്കുകയായിരുന്നു. അതിക്രമങ്ങൾക്കുപിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കൂട്ടരാജി തുടരുകയാണ്. വിദ്യാഭ്യാസസെക്രട്ടറി ബെറ്റ്സി ഡിവാസും ഗതാഗത സെക്രട്ടറി ഇലെയ്ൻ ചാവോയും വെള്ളിയാഴ്ച രാജി സമർപ്പിച്ചു. വൈറ്റ്ഹൗസ് മുൻ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൾവാനെ, വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശക കൗൺസിൽ ആക്ടിങ് ചെയർമാൻ ടൈലർ ഗുഡ്സ്പീഡ്, ജോൺ കാസ്റ്റെല്ലോ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.