ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭൂരിഭാഗം പേരും വാക്‌സിന്‍ എടുത്തു, എന്നിട്ടും കോവിഡ് വ്യാപിക്കുന്നു; ആശങ്ക

പുതുതായി രോഗം കണ്ടെത്തിയവരില്‍ 37 ശതമാനവും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് സീഷെല്‍സ് അധികൃതരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു

വാഷിങ്ടണ്‍: ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും വാക്‌സിന്‍ നല്‍കിയ സീഷെല്‍സില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെത്തന്നെ സംശയത്തിലാക്കിയ റിപ്പോര്‍ട്ട് ബ്ലൂംബര്‍ഗാണ് പുറത്തുവിട്ടത്.

ലോകത്ത് ഏറ്റവും വിജയകരമായി വാക്‌സിനേഷന്‍ നടത്തിയ രാജ്യങ്ങളിലൊന്നാണ് സീഷെല്‍സ്. ജനസംഖ്യയില്‍ ഭൂരിപക്ഷത്തിനും ഇവിടെ വാക്‌സിന്‍ നല്‍കാനായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മെയ് ഏഴിന് അവസാനിച്ച ആഴ്ചയില്‍ സീഷെല്‍സില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് ആരോഗ്യ രംഗത്തുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചകൊണ്ട് വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിശദാംശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാവൂ എന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. സീഷെല്‍സില്‍ പടരുന്നത് ഏതു വൈറസ് വകഭേദമാണ്, രൂക്ഷത എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് സീഷെല്‍സ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന്, ഡബ്ല്യൂഎച്ച്ഒ ഇമ്യൂണൈസേഷന്‍ മേധാവി കേറ്റ് ഒബ്രെയിന്‍ പറഞ്ഞു. 

ചൈനയുടെ സിനോഫാം, ഇന്ത്യയില്‍നിന്ന് എത്തിച്ച കോവിഷീല്‍ഡ് എന്നിവയാണ് സീഷെല്‍സില്‍ വാക്‌സിനേഷനായി വിതരണം ചെയ്തത്. പുതുതായി രോഗം കണ്ടെത്തിയവരില്‍ 37 ശതമാനവും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് സീഷെല്‍സ് അധികൃതരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മെയ് എട്ടുവരെയുള്ള കണക്ക് അനുസരിച്ച് രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്ന് സീഷെല്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com