ഒരു കിലോ ആപ്പിളിന് 1000 രൂപ; പിയര്‍ പഴത്തിന് 1500; ശ്രീലങ്കയില്‍ വിലക്കയറ്റം അതിരൂക്ഷം, നട്ടംതിരിഞ്ഞ് ജനം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അവശ്യ വസ്തുക്കളുട വില വര്‍ധനവ് നിയന്ത്രണ വിധേയമാകുന്നില്ല
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അവശ്യ വസ്തുക്കളുട വില വര്‍ധനവ് നിയന്ത്രണ വിധേയമാകുന്നില്ല. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ദിനംപ്രതി വര്‍ധിക്കുകയാണ്. നാല് മാസം മുന്‍പ് കിലോയ്ക്ക് 500 രൂപയായിരുന്നു ആപ്പിളിന് വില. എന്നാല്‍ ഇപ്പോള്‍ 1000 രൂപയാണ്. പിയര്‍ പഴത്തിന് കിലോയ്ക്ക് 700 രൂപയായിരുന്നു. ഇന്ന് 1500 രൂപ നല്‍കണം.

ഫെബ്രുവരിയില്‍ ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 17.5 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 25 ശതമാനം കവിഞ്ഞു.  അരി കിലോയ്ക്ക് 220 രൂപയാണ്. ഗോതമ്പിന് കിലോയ്ക്ക് 190 രൂപ. പെട്രോള്‍ കിട്ടണമെങ്കില്‍ ലിറ്ററിന് 254 രൂപയോളം നല്‍കണം. പാല്‍പ്പൊടിയ്ക്ക് 1900 രൂപയാണ്. 

പുതിയ ധനമന്ത്രിയും രാജിവച്ചു

അതേസമയം, ലങ്കയില്‍ പുതിയതായി ചുമതലയേറ്റ ധനമന്ത്രി രാജിവച്ചു. പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇന്നലെ ധനമന്ത്രിയായി നിമയിച്ച അലി സബ്രിയാണ് രാജിവച്ചത്. ഭരണമുന്നണിയിലെ 40 എംപിമാര്‍ കൂടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇവര്‍ സ്വതന്ത്ര നിലപാട് പ്രഖ്യാപിച്ചു. ഇതോടെ മഹീന്ദ രജപക്‌സെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.

ഭരണമുന്നണിയായ പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ ഭൂരിപക്ഷം 105 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.പ്രതിഷേധം ശക്തമാകുന്നതിനിടെ, സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്ന ഏതു പാര്‍ട്ടിക്കും അധികാരം കൈമാറാന്‍ തയ്യാറാണെന്നും ഗോതബായ രജപക്‌സെ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമായി. കര്‍ഫ്യൂ ലംഘിച്ച് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി രാത്രിയും പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ റോഡുകളിലിറങ്ങി. രോഷാകുലരായ ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും വീടുകളും സ്ഥാപനങ്ങളും വളഞ്ഞു. രാജി വെച്ച മുന്‍ മന്ത്രി റോഷന്‍ രണസിംഗെയുടെ വീട് ജനക്കൂട്ടം അടിച്ചു തകര്‍ത്തു.

മുന്‍ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ രാത്രി ഒരു മണിക്കും പ്രതിഷേധക്കാര്‍ സമരം നടത്തി. അര്‍ധരാത്രി പലയിടങ്ങളിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com