കാപിറ്റോൾ കലാപം; പിന്നിൽ ട്രംപ് തന്നെ; ഗൂഢാലോചനയിൽ പങ്കാളിത്തമെന്ന് അന്വേഷണ സമിതി

ഗൂഢാലോചനയിൽ പങ്കാളിയാണെന്നും കാപിറ്റോൾ ആക്രമിക്കുന്നതിൽ നിന്നു അനുയായികളെ പിന്തിരിപ്പിക്കാൻ ട്രംപ് ശ്രമിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ
ഡോണള്‍ഡ് ട്രംപ്/ഫയല്‍ ചിത്രം
ഡോണള്‍ഡ് ട്രംപ്/ഫയല്‍ ചിത്രം

വാഷിങ്ടൺ: 2021 ജനുവരി ആറിന് അമേരിക്കയിൽ അരങ്ങേറിയ കാപിറ്റോൾ കലാപത്തിന്റെ സൂത്രധാരൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് റിപ്പോർട്ട്. യുഎസ് പാർലമെന്റായ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കലാപത്തിന്റെ ​ഗൂഢാലോചനയിൽ ട്രംപിന് പങ്കാളിത്തമുണ്ടെന്ന് സമിതിയുടെ റിപ്പോർട്ടിലുണ്ട്. 

ഗൂഢാലോചനയിൽ പങ്കാളിയാണെന്നും കാപിറ്റോൾ ആക്രമിക്കുന്നതിൽ നിന്നു അനുയായികളെ പിന്തിരിപ്പിക്കാൻ ട്രംപ് ശ്രമിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കലാപം, അമേരിക്കൻ ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ജനപ്രതിനിധികളുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തതായി സമിതി വിലയിരുത്തി. 

18 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒൻപതംഗ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. എട്ട് അധ്യായങ്ങളുള്ളതാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് 814 പേജുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ട്രംപിന്റെ പേരിൽ കലാപാഹ്വനം, ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവയുൾപ്പെടെ മൂന്ന് ക്രിമിനൽക്കുറ്റങ്ങൾ ചുമത്താൻ നീതിന്യായ വകുപ്പിന് ശുപാർശ നൽകുമെന്ന് സമിതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ആയിരത്തിലധികം സാക്ഷികളെ കാണുകയും പത്തോളം വിചാരണകൾ പൂർത്തിയാക്കുകയും ചെയ്തു. കലാപത്തിൽ നേരിട്ട് പങ്കെടുത്തവരും ട്രംപുമായി അടുത്ത ബന്ധമുള്ളവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

2021 ജനുവരി ആറിന് ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാ കേന്ദ്രത്തിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിൽ അഞ്ച് പേർ മരിച്ചു. അമേരിക്കൻ ജനാധിപത്യ ത്തിലെ കരിപുരണ്ട ദിനമായാണ് കാപിറ്റോൾ ആക്രമണം വിലയിരുത്തപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com