'ഖുര്‍ ആനെ അവഹേളിച്ചു'; പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം മാനസികരോഗിയെ കല്ലെറിഞ്ഞുകൊന്നു

മാനസിക രോഗിയായ ആളെ കല്ലെറിഞ്ഞു കൊല്ലുന്ന പ്രാകൃത പ്രവൃത്തിയെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കറാച്ചി: ഖുര്‍ ആനെ അവഹേളിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം മാനസികരോഗിയായ ആളെ കല്ലെറിഞ്ഞുകൊന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി താഹിര്‍ അഷ്‌റഫി പറഞ്ഞു. ശനിയാഴ്ച വൈകീട്ട് പഞ്ചാബ് പ്രവശ്യയിലെ ഉള്‍ഗ്രാമത്തിലായിരുന്നു സംഭവം.

കേസുമായി ബന്ധപ്പെട്ട് നൂറ് കണക്കിനാളുകളെ നിരീക്ഷിച്ചവരികയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ഖുര്‍ആന്‍ കത്തിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കന്‍ ഫാക്ടറി മാനേജരെയും കുപിതരായ ആള്‍ക്കുട്ടം തല്ലിക്കൊന്നിരുന്നു.

മാനസിക രോഗിയായ ആളെ കല്ലെറിഞ്ഞു കൊല്ലുന്ന പ്രാകൃത പ്രവൃത്തിയെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക? വാര്‍ത്താ സമ്മേളനത്തിനിടെ   അഷ്‌റഫി ചോദിച്ചു. അയാള്‍ മാനസികരോഗിയാണെന്നും കഴിഞ്ഞ 10-15 വര്‍ഷമായി അയാളുടെ മാനസികാരോഗ്യം ശരിയായിരുന്നില്ലെന്നുമാണ് അയാളുടെ ബന്ധുക്കള്‍ പറയുന്നത്. ഇതല്ല പ്രവാചകന്റെ മതം. സ്വന്തം മതവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നിയമം കൈയില്‍ എടുക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് അധികൃതരോട് റിപ്പോര്‍ട്ട് തേടിയതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com