വന്യമൃഗങ്ങളെ ശല്യം ചെയ്യാതെ വേണം വനഭംഗി ആസ്വദിക്കാന്‍ എന്ന് എപ്പോഴും പറയുന്നതാണ്. വന്യമൃഗങ്ങളുടെ പെരുമാറ്റം പ്രവചനാതീതമാണ് എന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ്. ഇപ്പോള്‍ കാട്ടാന നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കുത്തിമറിച്ചിടുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
സൗത്ത് ആഫ്രിക്കയിലെ ക്വാസിലു നാതാ പ്രവിശ്യയില്‍ നിന്നുള്ളതാണ് ദൃശ്യം. ഇസിമാംഗലിസോ വെറ്റ്ലാന്‍ഡ് പാര്‍ക്കിലാണ് നടുക്കുന്ന സംഭവം.കലികയറിയ കാട്ടാന നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കുത്തിമറിച്ചിടുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.സമീപത്തെ വാഹനങ്ങളിലുണ്ടായിരുന്നവരാണ് നടുക്കുന്ന ഈ ദൃശ്യം പകര്‍ത്തിയത്.
കാറിനരികിലെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് കാറ് തലകീഴായി മറിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. രണ്ട് കുട്ടികളും മാതാപിതാക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ആന തലകീലായി മറിച്ചിട്ട കാര്‍ വീണ്ടും കുത്തിമറിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
സംഭവമറിഞ്ഞ് പാര്‍ക്ക് അധികൃതര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. അല്പസമയംകൂടി കാറിനു സമീപം നിന്ന ആന കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്‍വാങ്ങി. അധികൃതരെത്തി കാറിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തില്‍ ഭയന്നുവിറച്ച നിലയിലായിരുന്നു കുടുംബം. പരിക്കേല്‍ക്കാതെ അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ