പുറത്ത് റഷ്യയുടെ ഷെല്ലാക്രമണം, ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം യുവതീയുവാക്കളെ പിന്തിരിപ്പിച്ചില്ല; യുക്രൈനില്‍ വേറിട്ട വിവാഹം- ചിത്രങ്ങള്‍

പുറത്ത് ഷെല്ലാക്രമണങ്ങള്‍ നടക്കുമ്പോഴും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം ഇവരുടെ മനസിനെ പിടിച്ചുകുലുക്കിയില്ല
റഷ്യന്‍ ആക്രമണത്തിനിടയിലും യുക്രൈനില്‍ നടന്ന വേറിട്ട വിവാഹം, ട്വിറ്റര്‍
റഷ്യന്‍ ആക്രമണത്തിനിടയിലും യുക്രൈനില്‍ നടന്ന വേറിട്ട വിവാഹം, ട്വിറ്റര്‍

കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ യുക്രൈന്‍ സ്വദേശികളായ യുവതീയുവാക്കള്‍ തയ്യാറായില്ല. പുറത്ത് ഷെല്ലാക്രമണങ്ങള്‍ നടക്കുമ്പോഴും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം ഇവരുടെ മനസിനെ പിടിച്ചുകുലുക്കിയില്ല. 

ഒഡേസ നഗരത്തിലാണ് വേറിട്ട കല്യാണം നടന്നത്. വിവാഹമണികള്‍ മുഴങ്ങുന്നതിന് പകരം പുറത്ത് വെടിയൊച്ചകളും സൈറണ്‍ വിളികളുമാണ് കല്യാണത്തിന് 'മംഗളം' നേര്‍ന്നത്. യുക്രൈനില്‍ സമ്പൂര്‍ണ അധിനിവേശം നടത്താന്‍ തീരുമാനിച്ച് റഷ്യ ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഇവരുടെ വിവാഹം നടന്നത്. ബോംബാക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന അഭയകേന്ദ്രത്തില്‍ വച്ചായിരുന്നു വിവാഹം.

വധുവരന്മാരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. അടുത്തറിയാവുന്ന കുറച്ചുപേരുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം. വിവാഹമധുരം എന്ന പേരില്‍ വരന്‍ ബ്രെഡ് വിതരണം ചെയ്യുന്നതും രേഖകളില്‍ ഒപ്പുവെയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പിരിമുറുക്കം നിലനില്‍ക്കുന്ന അന്തരീക്ഷത്തിലും വധു ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്നത് കണ്ടുനില്‍ക്കുന്നവര്‍ക്കും ജീവിക്കാന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. കൈയില്‍ പൂക്കളുമായാണ് യുവതി നില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com