പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം; ഇമ്രാന്‍ ഖാന്‍ പുറത്തേക്ക്? രാജ്യം വിടുമെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനില്‍നിന്നു പലായനം ചെയ്തുകൊണ്ടുള്ള ഒരു ധാരണയ്ക്ക് ഉന്നത സൈനിക നേതൃത്വം ഇമ്രാനുമായി ചര്‍ച്ച നടത്തുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്
ഇമ്രാന്‍ ഖാന്‍/ഫയല്‍
ഇമ്രാന്‍ ഖാന്‍/ഫയല്‍

ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷം ഒന്നിക്കുകയും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഒരുപക്ഷം അവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെ ഇമ്രാന്‍ ഖാന്റെ നില പരുങ്ങലിലാണെന്നാണ് സൂചന. ഇതിനിടെ പാകിസ്ഥാനില്‍നിന്നു പലായനം ചെയ്തുകൊണ്ടുള്ള ഒരു ധാരണയ്ക്ക് ഉന്നത സൈനിക നേതൃത്വം ഇമ്രാനുമായി ചര്‍ച്ച നടത്തുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇമ്രാന്‍ നയിക്കുന്ന പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഈ മാസം അവസാനമാണ് പാര്‍ലമെന്റ് പരിഗണിക്കുന്നത്. അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ഇമ്രാന്റെ പാര്‍ട്ടിയിലെ 24 അംഗങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായത്. അതിനിടെ നേതൃമാറ്റം അനിവാര്യമെന്ന സൂചന നല്‍കി സഖ്യകക്ഷിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് -ക്യുവും രംഗത്തുവന്നു. ഇമ്രാന്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

അവിശ്വാസത്തിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച പിടിഐയിലെ 24 അംഗങ്ങള്‍ സിന്ധ് ഹൗസില്‍ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇവിടേക്ക് പിടിഐയുടെ വിദ്യാര്‍ഥി വിഭാഗത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷ ഭരിതമായ രംഗങ്ങള്‍ സൃഷ്ടിച്ചു. മുദ്രാവാക്യം വിളിച്ച് ഇവര്‍ എത്തുന്നതിനു മുമ്പു തന്നെ പാര്‍ലമെന്റ് അംഗങ്ങളില്‍ പലരും സിന്ധ് ഹൗസില്‍നിന്നു മാറി. തങ്ങളെ ആക്രമിക്കാനും അപമാനിക്കാനുമാണ് ഇമ്രാന്‍ ശ്രമിക്കുന്നതെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആരോപിച്ചു. അതേസമയം സിന്ധ് ഹൗസ് വേശ്യാലമായി മാറിയിരിക്കുകയാണെന്നാണ് ഇമ്രാനോട് അടുപ്പം പുലര്‍ത്തുന്ന ഭരണകക്ഷി നേതാക്കള്‍ പ്രതികരിച്ചത്.

ഇമ്രാന്റെ പതനം അനിവാര്യമാണെന്നും അത് ഭരണനഷ്ടത്തില്‍ മാത്രം ഒതുങ്ങില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മൗലാന ഫസല്‍ റഹ്മാന്‍, ബിലാവല്‍ ഭൂട്ടോ സര്‍ദാരി, നവാസ് ശെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ഇമ്രാനെതിരായ നീക്കങ്ങള്‍ നടത്തുന്നത്. ഭരണം നഷ്ടമായാല്‍ ഉടന്‍ തന്നെ ഇമ്രാന്‍ തടവിലാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാകിസ്ഥാനില്‍നിന്നു പലായനം ചെയ്യുമെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള ഒരു ധാരണയ്ക്കായി സൈനിക നേതൃത്വം ഇമ്രാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഏതു വിധേയനും പദവി നിലനിര്‍ത്താന്‍ ഇമ്രാന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിത നടപടികളുണ്ടാവാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com