ഒരു തുള്ളിയില്ല ഡീസല്‍; പത്തു മണിക്കൂര്‍ പവര്‍ കട്ട്; ലങ്കയില്‍ വലഞ്ഞ് ജനം

കപ്പലില്‍ ഇന്ധനം എത്തിയിട്ടുണ്ടെങ്കിലും പണം ന്ല്‍കാനാവാത്തതിനാല്‍ ഇറക്കിയിട്ടില്ലെന്നു കോര്‍പ്പറേഷന്‍
കൊളംബോയില്‍ മണ്ണെണ്ണയ്ക്കായി ക്യൂ നില്‍ക്കുന്നവര്‍/എഎഫ്പി
കൊളംബോയില്‍ മണ്ണെണ്ണയ്ക്കായി ക്യൂ നില്‍ക്കുന്നവര്‍/എഎഫ്പി

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ പത്തു മണിക്കൂര്‍ പവര്‍ കട്ട് പ്രഖ്യാപിച്ചു. ഇന്ധനം കിട്ടാനില്ലാത്തതു മൂലം വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 

ഇന്ധന ക്ഷാമം അനുദിനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകളില്‍ ജനങ്ങളുടെ കാത്തിരിപ്പു നീളുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നാണ് പെട്രോളോ മണ്ണെണ്ണയോ കിട്ടുന്നത്. ദിവസം പത്തു മണിക്കൂര്‍ പവര്‍ കട്ട് കൂടിയായതോടെ ദുരിതം പിന്നെയും കൂടി.

ഈ മാസം ആദ്യം മുതല്‍ രാജ്യത്ത് ഏഴു മണിക്കൂര്‍ പവര്‍ കട്ട് നിലവിലുണ്ട്. ഇതാണ് മൂന്നു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ധനം കിട്ടാനില്ലാത്തതിനാല്‍ 750 മെഗാവാട്ട് ഉത്പാദനത്തിന്റെ കുറവാണ് ഇപ്പോഴുള്ളതെന്ന് പബ്ലിക് യൂറ്റിലിറ്റി കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. 

ഇന്ധനത്തിനായി പമ്പുകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ സീലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നിലവില്‍ സ്‌റ്റോക്ക് ഇല്ലെന്നും കപ്പലില്‍ ഇന്ധനം എത്തിയിട്ടുണ്ടെങ്കിലും പണം ന്ല്‍കാനാവാത്തതിനാല്‍ ഇറക്കിയിട്ടില്ലെന്നും കോര്‍പ്പറേഷന്‍ പറയുന്നു. വെള്ളിയാഴ്ചയോടെ ഇന്ധനം ഇറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയായ എല്‍ഐഒസിയില്‍നിന്ന് ആറായിരം മെട്രിക് ടണ്‍ ഡീസല്‍ വാങ്ങാന്‍ നടപടിയെടുക്കുമെന്ന് ഊര്‍ജ മന്ത്രി ജെമിനി ലോകുംഗെ പറഞ്ഞു. ഇത് വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കും. വ്യാഴാഴ്ച ഈ ഡീസല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com