'മുഖമടച്ച് ഒന്നു കൊടുത്ത് ട്രംപിനെ പുറത്താക്കിയേനെ'- അമേരിക്കൻ സ്പീക്കറുടെ വെളിപ്പെടുത്തൽ (വീഡിയോ)

കലാപ ദിവസത്തെ സ്പീക്കറുടെ പുതിയ ഫൂട്ടേജിലാണ് ഇക്കാര്യമുള്ളത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തടിക്കാൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി ആ​ഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ. ട്രംപിന്റെ അനുയായികൾ 2021 ജനുവരി ആറിന് ക്യാപിറ്റോൾ ഹില്ലിലേക്ക് അതിക്രമിച്ച് കയറിയ സമയത്ത് അദ്ദേഹം അവിടെ എത്തിയിരുന്നുവെങ്കിൽ താൻ മുഖമടച്ച് ഒന്നു കൊടുത്ത് അവിടെ നിന്ന് പുറത്താക്കിയേനെ. അതിന്റെ പേരിൽ ജയിലിൽ പോകാനും താൻ ഒരുക്കമായിരുന്നു എന്നാണ് നാൻസി പറയുന്നത്. 

കലാപ ദിവസത്തെ സ്പീക്കറുടെ പുതിയ ഫൂട്ടേജിലാണ് ഇക്കാര്യമുള്ളത്. ഡോക്യുമെന്ററി ഫിലിം മേക്കറായ അവരുടെ മകൾ അലക്‌സാന്ദ്ര പെലോസി ചിത്രീകരിച്ച വീഡിയോയാണിത്. ഹൗസ് സെലക്ട് കമ്മിറ്റിയുടെ ഹിയറിങിനിടെ വ്യാഴാഴ്ചയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

ക്യാപിറ്റോൾ ഹില്ലിലെ അധിനിവേശത്തിലും മാർച്ച് നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിലും അവർ പ്രകോപിതയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം സിഎൻഎൻ പുറത്തുവിട്ട ഫൂട്ടേജിൽ, നാൻസി പെലോസിയും മറ്റുള്ളവരും ക്യാപിറ്റോൾ സുരക്ഷിതമാക്കാനും തെരഞ്ഞെടുപ്പ് സർട്ടിഫിക്കേഷൻ പ്രക്രിയ തുടരാനും സഹായം അഭ്യർത്ഥിച്ച് നിരന്തരം ഫോൺ ചെയ്യുന്നതും കാണാം. 

കലാപത്തിന് മുന്നോടിയായുള്ള സേവ് അമേരിക്ക റാലിയിൽ ട്രംപ് പ്രസം​ഗിക്കുന്നത് നാൻസി വീക്ഷിക്കുന്നത് ഫൂട്ടേജിലുണ്ട്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഷേധിച്ച് ക്യാപിറ്റോളിലേക്ക് മാർച്ച് ചെയ്യാൻ പോകുകയാണെന്ന് ട്രംപ് പറയുന്നുണ്ട്. സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ വിഭാ​ഗം മാർച്ചിൽ പങ്കെടുക്കരുതെന്ന് ട്രംപിനോട് പറയുന്നുണ്ട്. ഇക്കാര്യം ഒരു ഉദ്യോ​ഗസ്ഥൻ സ്പീക്കറെ അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചിലപ്പോൾ പങ്കെടുത്തേക്കുമെന്ന സൂചനകളും വന്നിരുന്നു. 

എന്നാൽ ട്രംപ് തന്റെ അനുയായികളോടൊപ്പം ക്യാപിറ്റോളിലേക്ക് മാർച്ച് നടത്തിയില്ല. അതിനിടെ ജനക്കൂട്ടം അതിക്രമിച്ച് കയറിയത് വലിയ സുരക്ഷാ വീഴ്ചയുണ്ടാക്കി. 

സെനറ്റർമാരായ ചക്ക് ഷുമർ, മിച്ച് മക്കോണൽ, പ്രതിനിധികളായ സ്റ്റെനി ഹോയർ, കെവിൻ മക്കാർത്തി എന്നിവരും നാൻസിക്കൊപ്പമുണ്ട്. നാൻസി പെലോസിയും ഷുമറും സുരക്ഷാ ജീവനക്കാരെ വിന്ന്യസിക്കുന്നതിനടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനോട് സഹായം അഭ്യർത്ഥിക്കുന്നതും പുറത്തു വന്ന വീഡിയോയിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com