ബോറിസ് പിന്മാറി; പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനകിന് സാധ്യതയേറുന്നു

57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറപ്പാക്കാനായത്
ഋഷി സുനക് /ഫോട്ടോ: ട്വിറ്റർ
ഋഷി സുനക് /ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് സാധ്യതയേറുന്നു. ഋഷി സുനകിനെ പിന്തുണച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 147 എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പിന്മാറി. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറപ്പാക്കാനായത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ  നിയമമനുസരിച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍  100 എംപിമാരെങ്കിലും നാമനിര്‍ദേശം ചെയ്യണം.  സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ ഇന്നു രണ്ടു മണി വരെ സമയമുണ്ടെന്നിരിക്കെയാണ് ബോറിസ് ജോണ്‍സന്റെ പിന്മാറ്റം. ഹൗസ് ഓഫ് കോമണ്‍സ് ലീഡര്‍ പെനി മോര്‍ഡന്റ് ആണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മറ്റൊരു നേതാവ്.

പുതിയ പ്രധാനമന്ത്രിയെ പാര്‍ട്ടിയുടെ 1,70,000 അംഗങ്ങള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ വെള്ളിയാഴ്ച തെരഞ്ഞെടുക്കും. ഇന്ത്യന്‍ വംശജനായ ഋഷി സുനക് മുന്‍ ധനമന്ത്രിയാണ്. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി സുനക്.

ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയാകാനായി ഈയിടെ രാജിവച്ച പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ നേതൃമത്സരത്തിൽ സുനക് പരാജയപ്പെട്ടിരുന്നു. മല്‍സരത്തില്‍ ഋഷി സുനക് 43 ശതമാനം വോട്ട് നേടിയിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുനക് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com