യുക്രൈന്‍ അധിനിവേശം അപലപിച്ചുള്ള യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു; ഇന്ത്യയും ചൈനയും വിട്ടു നിന്നു

15 അംഗ യുഎൻ രക്ഷാസമിതിയിൽ   11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ന്യൂയോർക്ക്:  യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ യുഎൻ രക്ഷാസമിതിയിൽ   11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.  ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രമേയം. അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല. 

എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും യുഎൻ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും യുഎന്നിലെ ചൈനീസ് പ്രതിനിധി ഷാങ് ജുൻ പറഞ്ഞു. ഒരു രാജ്യത്തിന്റെ സുരക്ഷ മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ തുരങ്കം വയ്ക്കാൻ കഴിയില്ല.യുക്രൈൻ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമായി മാറണമെന്നും  ചൈന ആവശ്യപ്പെട്ടു.

യുക്രൈനിലെ സമീപകാല സംഭവവികാസങ്ങളിൽ രാജ്യം കടുത്ത അസ്വസ്ഥതയിലാണെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി കൗൺസിൽ യോ​ഗത്തിൽ പറഞ്ഞു. മനുഷ്യന്റെ ജീവൻ പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ല.ഭിന്നതകളും തർക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം ചർച്ച മാത്രമാണെന്നും തിരുമൂർത്തി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com