യുദ്ധത്തിൽ  498 സൈനികർ മരിച്ചെന്ന് റഷ്യ; 2000 ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ; അഭയാർഥികൾ 8.75 ലക്ഷം

ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമായി ഉപയോ​ഗിക്കുകയാണെന്ന് റഷ്യ ആരോപിച്ചു
യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ നിന്ന്/ പിടിഐ ചിത്രം
യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ നിന്ന്/ പിടിഐ ചിത്രം

മോസ്കോ: യുക്രൈനിലെ യുദ്ധത്തിൽ  498 റഷ്യൻ സൈനികർ മരിച്ചെന്ന് മോസ്കോ സ്ഥിരീകരിച്ചു. 1597 സൈനികർക്ക് പരിക്കേറ്റു. 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. സൈനിക നടപടി തുടങ്ങിയശേഷം ഇതാദ്യമായാണ് ആൾനാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തൽ.  ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമായി ഉപയോ​ഗിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമാണെന്നും റഷ്യ കുറ്റപ്പെടുത്തി.

അതേസമയം 9000 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി അവകാശപ്പെട്ടു. യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് സെലെന്‍സ്‌കി കുറ്റപ്പെടുത്തി.യുക്രൈന്‍ റഷ്യന്‍ സൈന്യത്തെ ധീരമായി ചെറുത്തുനിന്നെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ പദ്ധതികളെ കീവ് തകിടം മറിച്ചെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായക്കോടതി അന്വേഷണം ആരംഭിച്ചു

യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളുള്‍പ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ വ്യക്തമാക്കി.  യുദ്ധഭീതിയില്‍ 8,36,000 പേര്‍ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായക്കോടതി അന്വേഷണം ആരംഭിച്ചു. യുക്രൈന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

റഷ്യ-യുക്രൈന്‍ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ കൂടുതല്‍ രക്തരൂഷിതമാകുകയാണ്. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യന്‍സേന വിവിധ നഗരങ്ങളില്‍ ബോംബിട്ടു. ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. കരിങ്കടല്‍ തീരനഗരമായ ഖെര്‍സോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു.

ഹർകീവിലെ നഗരകൗണ്‍സില്‍ ഓഫീസിനുനേരെ റഷ്യ നടത്തിയ ക്രൂസ് മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചെന്ന് യുക്രൈന്‍ അറിയിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍കിവിലെ പൊലീസ് ആസ്ഥാനവും സര്‍വകലാശാലാ കെട്ടിടങ്ങളും റഷ്യന്‍ സേന തകർത്തു. മരിയുപോൾ നഗരവും റഷ്യൻ പട വളഞ്ഞിരിക്കുകയാണ്. കീവ് ലക്ഷ്യമാക്കി റഷ്യയുടെ 65 കിലോമീറ്റർ സേനാവ്യൂഹം യാത്ര തുടരുകയാണ്. ഇതിന്റെ വേ​ഗം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com