ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായി

സ്‌ഫോടനം നടക്കുമ്പോള്‍ 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന കണക്ക്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ജക്കാര്‍ത്ത: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. 2,891 മീറ്റര്‍ (9,484 അടി) ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പര്‍വ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ചാരം കൊണ്ടുള്ള ടവര്‍ പ്രത്യക്ഷപ്പെട്ടു. 

സ്‌ഫോടനം നടക്കുമ്പോള്‍ 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന കണക്ക്. 11 പേരെ മരിച്ച നിലയിലും മൂന്നു പേരെ ജീവനോടെയും കണ്ടെത്തിയതായി പഡാങ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി മേധാവി അബ്ദുള്‍ മാലിക് പറഞ്ഞു. 26 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ 14 പേരെ കണ്ടെത്തിയയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 പേരെയാണ് ലഭിച്ച കണക്കുകള്‍ പ്രകാരം കാണാതായിരിക്കുന്നത്.  ശനിയാഴ്ച മുതല്‍ മലയില്‍ 75 ഓളം സഞ്ചാരികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1 പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  

പര്‍വതാരോഹകരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെസ്റ്റ് സുമാത്രയുടെ പ്രകൃതിവിഭവ സംരക്ഷണ ഏജന്‍സി അറിയിച്ചു. ഇന്തോനേഷ്യയുടെ ഫോര്‍-സ്റ്റെപ്പ് സിസ്റ്റത്തിന്റെ രണ്ടാമത്തെ അലേര്‍ട്ട് ലെവലിലാണ് മറാപ്പി അഗ്നി പര്‍വതം. 1979ലുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ ഏകദേശം 130 ആക്ടീവ് അഗ്‌നിപര്‍വതങ്ങളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com