'വിജയം കാണുംവരെ പോരാട്ടം തുടരും'; ഗാസയില്‍ കരയാക്രമണം വിപുലീകരിക്കാന്‍ ഇസ്രയേല്‍ സൈന്യത്തോട് നെതന്യാഹു

ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന നൂറോളം പേരെ സൈനിക സമ്മര്‍ദ്ദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും നെതന്യാഹു പറഞ്ഞു
നെതന്യാഹു സംസാരിക്കുന്നു/ എഎൻഐ
നെതന്യാഹു സംസാരിക്കുന്നു/ എഎൻഐ

ടെല്‍ അവീവ്:  ഗാസയില്‍ കരയാക്രമണം വിപുലീകരിക്കാന്‍ ഇസ്രയേല്‍ സൈന്യത്തോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചു. ഇത് നീണ്ട യുദ്ധമായിരിക്കും. പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല. വിജയം കാണും വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഗാസയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരെ കണ്ടുമടങ്ങിയ ശേഷം ഇസ്രയേല്‍ പാര്‍ലമെന്റിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. പോരാട്ടം തുടരുകയാണ്. വരും ദിവസങ്ങളില്‍ അത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന നൂറോളം പേരെ സൈനിക സമ്മര്‍ദ്ദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും നെതന്യാഹു പറഞ്ഞു. 

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ രാജ്യത്ത് തിരികെയെത്തിക്കാന്‍  ഇസ്രയേല്‍ എല്ലാ ശ്രമവും നടത്തും. അതില്‍ വിജയം കാണും വരെ യുദ്ധം തുടരും. അതല്ലാതെ നമുക്ക് മുന്നില്‍ പ്രത്യേക സ്ഥലമോ മറ്റു വഴിയോ ഇല്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് ഗാസയില്‍ കരയാക്രമണം വിപുലീകരിക്കാന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന് ഈജിപ്ത് നിര്‍ദേശിച്ചതായി മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതു തള്ളിക്കളയുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവന. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കുക, ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കല്‍, പാലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ നിര്‍ദേശങ്ങള്‍ ഈജിപ്ത് മുന്നോട്ടുവെച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുദ്ധം തുടരുന്നതില്‍ നിന്ന് ഇസ്രയേലിനെ യു എസ് തടയുന്നുവെന്ന വാര്‍ത്തകളും നെതന്യാഹു നേരത്തെ തള്ളിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com