"ഞാൻ തനിച്ചാണ്", 2761 തവണ വ്യാജ എമർജൻസി കോളുകൾ വിളിച്ച് 51കാരി; അറസ്റ്റ്

വയറുവേദന, കാലുവേദന തുടങ്ങിയ കാരണങ്ങൾ നിരത്തി ആംബുലൻസ് അയക്കാൻ ആവശ്യപ്പെട്ടായിരുന്നു ഓരോ ഫോൺ വിളികളും. ആംബുലൻസ് എത്തുമ്പോൾ സേവനത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു പതിവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാറ്റ്സുഡോ സിറ്റി: മൂന്ന് വർഷത്തിനിടെ 2761 വ്യാജ എമർജൻസി ഫോൺ കോളുകൾ ചെയ്ത 51കാരി അറസ്റ്റിൽ. ഹിറോക്കോ ഹട്ടഗാമി എന്ന ജപ്പാൻകാരിയാണ് അറസ്റ്റിലായത്. അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് അറസ്റ്റ്. 

2020 ഓഗസ്റ്റിനും 2023 മെയ് മാസത്തിനുമിടയിൽ വീട്ടിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ഹിറോക്കോ പല തവണ ഫോൺ വിളിച്ചു. വയറുവേദന, അമിതമായി മരുന്ന് കഴിച്ചു, കാലുവേദന തുടങ്ങിയ വ്യത്യസ്ത കാരണങ്ങൾ നിരത്തി ആംബുലൻസ് അയക്കാൻ ആവശ്യപ്പെട്ടായിരുന്നു ഓരോ ഫോൺ വിളികളും. ആംബുലൻസ് എത്തുമ്പോൾ തനിക്ക് സേവനത്തിന്റെ ആവശ്യമില്ലെന്നും ഫോൺ വിളിച്ചിട്ടില്ലെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു ഇവരുടെ പതിവ്. 

ഫയർഫോഴ്‌സും പൊലീസും ഇത്തരം ഫോൺ വിളികൾ ആവർത്തിക്കരുതെന്ന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഹിറോക്കോ തന്റെ പ്രവർത്തി തുടർന്നു. തുടർന്ന് ജൂൺ 20ന് അത്യാഹിത സേവന വിഭാഗം പൊലീസിൽ നാശനഷ്ട റിപ്പോർട്ട് സമർപ്പിച്ചു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഞാൻ തനിച്ചായിരുന്നു, ആരെങ്കിലും എന്നെ കേൾക്കാനും ശ്രദ്ധിക്കാനും ആഗ്രഹിച്ചു, ഇതാണ് ഫോൺ വിളികൾക്ക് പിന്നിലെ കാരണമായി ഹിറോക്കോ പൊലീസിനോട് പറഞ്ഞത്. 

സമാനമായ ഒരു സംഭവം 2013ലും ജപ്പാനിൽ നടന്നിട്ടുണ്ട്. ആറ് മാസത്തിനിടെ 15,000ത്തോളം തവണ എമർജൻസി ഫോൺ കോളുകളാണ് അന്ന് ലഭിച്ചത്. താൻ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് ഒരു സ്ത്രീ നിരന്തരം വിളിക്കുകയായിരുന്നു. മറ്റ് ആവശ്യങ്ങളൊന്നും ആ ഫോൺവിളികൾക്ക് പിന്നിലുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com