ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടി താലിബാന്‍; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍, വെടിവെപ്പ്

വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന്‍ ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

കാബൂള്‍: വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന്‍ ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. കാബൂളില്‍ തെരുവില്‍ പ്രതിഷേധിച്ച സ്ത്രീകളെ പിരിച്ചുവിടാനായി താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. 

യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വനിതകള്‍ ഉടമസ്ഥരായ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടാന്‍ താലിബാന്‍ നിര്‍ദേശം നല്‍കിയത്. വനിതകളെ സ്വകാര്യ കമ്പനികളില്‍ ജോലിക്ക് നിയമിക്കരുതെന്നും നിര്‍ദേശമുണ്ട്. 

ഉത്തരവിന് പിന്നാലെ ആയിരക്കണക്കിന് ബ്യൂട്ടി പാര്‍ലറുകളാണ് അഫ്ഗാനില്‍ പൂട്ടിയത്. ഇത്തരം ബ്യൂട്ടി പാര്‍ലറുകള്‍ സ്ത്രീകളുടെ വരുമാനത്തിന്റെ അവസാന ഉപാധി ആയിരുന്നെന്നും താലിബാന്‍ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന വനിതകള്‍ വ്യക്തമാക്കി. 

'എന്റെ ഭക്ഷണവും വെള്ളവും അപഹരിക്കരുത്' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. താലിബാന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം, അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധം നടത്തുന്ന് അപൂര്‍വ്വമാണ്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ കണിശമായ ശിക്ഷകളാണ് താലിബാന്‍ നടപ്പിലാക്കി വരുന്നത്. എന്നാല്‍, ബുധനാഴ്ച നടന്ന പ്രതിഷേധത്തില്‍ അമ്പതില്‍പ്പരം സ്ത്രീകള്‍ പങ്കെടുത്തെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്നും എന്നാല്‍ ആരും തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ലെന്നും പകരം സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിഷേധിച്ച സ്ത്രീകള്‍ എഎഫ്പിയോട് പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com