സംസ്‌കാര ചടങ്ങിനായി കൊണ്ടുപോകുന്നതിനിടെ 76കാരി ശവപ്പെട്ടിയില്‍ മുട്ടി; ഒടുവില്‍ 

സംസ്‌കാര ചടങ്ങിനായി കൊണ്ടുപോകുന്നതിനിടെ, മരിച്ചെന്ന് കരുതിയ 76കാരി ശവപ്പെട്ടിയില്‍ മുട്ടിയത് കുടുംബത്തെ ഞെട്ടിച്ചു
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

ക്വിറ്റോ:  സംസ്‌കാര ചടങ്ങിനായി കൊണ്ടുപോകുന്നതിനിടെ, മരിച്ചെന്ന് കരുതിയ 76കാരി ശവപ്പെട്ടിയില്‍ മുട്ടിയത് കുടുംബത്തെ ഞെട്ടിച്ചു. 76കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ തെറ്റായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സംസ്‌കാര ചടങ്ങ് നിശ്ചയിച്ചത്. അതിനിടെയാണ് വയോധിക ജീവനോടെ പുറത്തുവന്നത്. ആരോഗ്യനില മോശമായിരുന്ന 76കാരിയെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വീട്ടുകാരുടെ പ്രതീക്ഷ അധികം ദിവസം നീണ്ടുനിന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴാം ദിവസം 76കാരി മരണത്തിന് കീഴടങ്ങി.

ഇക്വഡോറിലാണ് വേറിട്ട സംഭവം.76കാരിയായ ബെല്ല മോഡോയ ആണ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കിയ ശേഷം മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്നതിനിടെ, സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നായിരുന്നു മരണം.

ജൂണ്‍ ഒന്‍പതിന് സന്നിവാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ബെല്ല മോഡോയ മരിച്ചെന്ന് ആദ്യം ഡോക്ടര്‍മാര്‍ തെറ്റായി സ്ഥിരീകരിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി ശവപ്പെട്ടിയില്‍ കിടത്തി സംസ്‌കാര ചടങ്ങിനായി കൊണ്ടുപോകുമ്പോഴാണ് ബെല്ല ശവപ്പെട്ടിയില്‍ മുട്ടിയത്. അതിനിടെ അഞ്ചുമണിക്കൂര്‍ നേരമാണ് ബെല്ല ശവപ്പെട്ടിയില്‍ കഴിഞ്ഞത്. ശവപ്പെട്ടിയില്‍ നിന്ന് ശബ്ദം കേട്ട് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് ബെല്ലയെ ജീവനോടെ കണ്ടത്. ശ്വാസം കിട്ടാതെ കിതയ്ക്കുന്ന അവസ്ഥയിലായിരുന്നു 76കാരി. 

ശ്വസന പ്രക്രിയയും ഹൃദയമിടിപ്പും നിലയ്ക്കുന്ന കാര്‍ഡിയോ റെസ്പിറേറ്ററി അറസ്റ്റിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മരിച്ചതായി തെറ്റായി വിധിയെഴുതിയത്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് അടിയന്തര ശ്രൂശ്രൂഷ നല്‍കിയെങ്കിലും അതിനോടും പ്രതികരിച്ചില്ല. ഇതോടെയാണ് ബെല്ല മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.

ഗുരുതരാവസ്ഥയില്‍ രാവിലെ ഒന്‍പത് മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബെല്ലയുടെ മകന്‍ പറയുന്നു. ഉച്ചയോടെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ശവപ്പെട്ടിയില്‍ കിടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനുണ്ടെന്ന് തിരിച്ചറിയുന്നതെന്നും മകന്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com