ഭൂചലനത്തില്‍ ചാനല്‍ സ്റ്റുഡിയോ കുലുങ്ങി; വാര്‍ത്താ വായന തുടര്‍ന്ന് അവതാരകന്‍; വീഡിയോ വൈറല്‍

31 സെക്കന്‍ഡുള്ള വീഡിയോയില്‍ സ്റ്റുഡിയോ ക്യാമറ ഉള്‍പ്പെടെ കുലുങ്ങുന്നത് വ്യക്തമാണ്.
ഭൂചലനത്തില്‍ സ്റ്റുഡിയോ കുലുങ്ങുന്നതിനെ വാര്‍ത്ത വായിക്കുന്ന അവതാരകന്‍/ വീഡിയോ ദൃശ്യം
ഭൂചലനത്തില്‍ സ്റ്റുഡിയോ കുലുങ്ങുന്നതിനെ വാര്‍ത്ത വായിക്കുന്ന അവതാരകന്‍/ വീഡിയോ ദൃശ്യം

ഇസ്ലാമാബാദ്:  ഹിന്ദുകുഷ് മേഖലയില്‍ ചൊവ്വാഴ്ചയുണ്ടായ ഭുചലനത്തില്‍ വിറച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. ഭൂചലനത്തില്‍ പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടുന്ന നിരവധി ടെലിവിഷന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ ഭൂചലനത്തില്‍ സ്റ്റുഡിയോ ഒന്നാകെ കുലുങ്ങിയിട്ടും പാക് പ്രദേശിക ടിവി ചാനല്‍ വാര്‍ത്താ അവതാരകന്‍ വാര്‍ത്താ വായന തുടരുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. 

പെഷവാറിലെ മഹ്ശ്രിക് ടിവി ചാനലിന്റെ സ്റ്റുഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 31 സെക്കന്‍ഡുള്ള വീഡിയോയില്‍ സ്റ്റുഡിയോ ക്യാമറ ഉള്‍പ്പെടെ കുലുങ്ങുന്നത് വ്യക്തമാണ്. സ്റ്റുഡിയോയിലെ ജീവനക്കാരില്‍ ഒരാള്‍ പരിഭ്രാന്തനായി പുറത്തേക്ക് പോകുന്ന ദൃശ്യവും വീഡിയോയിലുണ്ട്. എന്നാല്‍ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പരിഭ്രമിക്കാതെ അവതാരകന്‍ വാര്‍ത്താ വായന തുടരുകയായിരുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 പേരാണ് മരിച്ചത്.  160 പേര്‍ക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ 9 പേരും അഫ്ഗാനിസ്ഥാനില്‍ രണ്ടുപേരുമാണ് മരിച്ചത്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഭുചലനത്തിന്റെ ഭാഗമായി ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേരിയ ഭൂചലനങ്ങളുണ്ടായി. പാകിസ്ഥാനില്‍ ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ക്വറ്റ, പെഷവാര്‍, കൊഹാട്ട്, ലക്കി മര്‍വാട്ട്, ഗുജ്‌റന്‍വാല, ഗുജറാത്ത്, സിയാല്‍കോട്ട്, കോട് മോമിന്‍, മധ് രഞ്ജ, ചക്വാല്‍, കൊഹാട്ട്, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ തുടങ്ങിയ മേഖലകളിലാണ് ഭുചലനം ഉണ്ടായത്. പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് റോഡുകളിലേക്ക് ഇറങ്ങി ഓടുന്നത് പുറത്തുവന്ന ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാം.

പാകിസ്ഥാനില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിക്കുകയും 160ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2005ലെ ഭൂചലനത്തില്‍ രാജ്യത്ത് 74,000 പേരാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com