ചിത്രം ഫയല്‍
ചിത്രം ഫയല്‍

ഇസ്രയേലിലെ ഹമാസ് ആക്രമണം; എന്തുകൊണ്ട് ഒക്ടോബര്‍ 6 ?

1973ലെ ഒക്ടോബര്‍ 6 നായിരുന്നു അപ്രതീക്ഷിത ആക്രമണം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുള്ള ആക്രമണമായതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഇസ്രയേല്‍ നടുങ്ങി.

യോംകിപൂര്‍ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം ഇസ്രയേലും മാധ്യമങ്ങളും ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ഹമാസിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ജൂതരുടെ ആഘോഷ ദിവസം എന്നത് കൊണ്ട് മാത്രമല്ല ഹമാസ് ഈ ദിനം തെരഞ്ഞെടുക്കാന്‍ കാരണം. 

ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്താന്‍ ഒക്ടോബര്‍ 6 തന്നെ തെരഞ്ഞെടുത്തു എന്നത് പറയണമെങ്കില്‍ അല്‍പ്പം ചരിത്രം പറയണം. ജൂതമതവിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന ദിവസമാണ് യോംകിപ്പൂര്‍. കടകമ്പോളങ്ങള്‍ തുറക്കുകയോ വാഹനങ്ങള്‍ ഓടുകയോ ചെയ്യില്ല. രാജ്യമാകെ നിശ്ചലമായ സമയം. മുഴുവന്‍ സമയവും പ്രാര്‍ഥന മാത്രം. അന്നാണ് അപ്രതീക്ഷമായി ഈജിപ്തും സിറിയയും ഒന്നിച്ച് ഇസ്രായേലിനെ ആക്രമിച്ചത്. 1973ലെ ഒക്ടോബര്‍ 6 നായിരുന്നു അപ്രതീക്ഷിത ആക്രമണം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുള്ള ആക്രമണമായതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഇസ്രയേല്‍ നടുങ്ങി. തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു തുടങ്ങി. ഒക്ടബോര്‍ യുദ്ധമെന്നും യോംകിപ്പൂര്‍ യുദ്ധമെന്നും 
മുസ്ലീങ്ങളുടെ വ്രതമാസമായിരുന്നതിനാല്‍ റമദാന്‍ യുദ്ധമെന്നും 1973 ഒക്ടോബര്‍ 6 ലെ യുദ്ധം അറിയപ്പെട്ടു. 

1973ലെ യുദ്ധത്തിന് മുമ്പ് നാല് തവണയും അറബികളുമായി നടന്ന നാല് യുദ്ധങ്ങളിലും ജയിച്ചത് ഇസ്രയേലായിരുന്നു (1948, 1956, 1967). 1967 ജൂണില്‍ നടന്ന യുദ്ധത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേലിന്റെ മൂന്നര മടങ്ങ് വലുപ്പം വരുന്ന സ്ഥലങ്ങള്‍ നഷ്ടപ്പെട്ടു. സീനായ് അര്‍ദ്ധ ദ്വീപ്, ഗാസ, സിറിയയിലെ ഗോലാന്‍ കുന്നുകള്‍, ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരം, കിഴക്കന്‍ ജറുസലേം എന്നിവ ഇസ്രയേല്‍ പിടിച്ചെടുത്തു. പകരം വീട്ടാനും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈജിപ്തും സിറിയയും സംയുക്തമായി തീരുമാനിച്ചതിന്റെ ഫലമാണ് 1973ലെ യുദ്ധം. 

യുദ്ധം രൂക്ഷമായതോടെ, ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ (ഒപെക്) രാജ്യങ്ങളുടെ  അറബ് അംഗങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന എല്ലാ പാശ്ചാത്യ രാജ്യങ്ങളിലേക്കും എണ്ണ വിതരണം നിര്‍ത്തിവെച്ചു. ഇത് ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായി. യുദ്ധത്തെത്തുടര്‍ന്ന് 20,000 മരണം സ്ഥിരീകരിക്കുകയും രണ്ടാഴ്ചത്തെ പോരാട്ടത്തിനും ശേഷം യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഭൂമി തിരിച്ചു പിടിച്ചുകൊണ്ട് ഇസ്രയേല്‍ വിജയിച്ചു. 

പിന്നീട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരങ്ങള്‍ തേടാന്‍ ശ്രമങ്ങള്‍ തുടങ്ങി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസ്സിജ്ഞര്‍ 1974 ല്‍ നടത്തിയ ഷട്ടില്‍ ഡിപ്ലോമസിയും ഒക്കെ അതിന്റെ ഭാഗമായി.  സിറിയയുടെ ഗോലാന്‍ കുന്നുകളും ജോര്‍ദാനിലെ വെസ്റ്റ് ബാങ്ക് , കിഴക്കന്‍ ജറുസലേം എന്നിവയും ഇപ്പോഴും ഇസ്രയേലിന്റെ അധിനിവേശത്തിലാണ്. വെസ്റ്റ് ബാങ്ക് മുഴുവന്‍ പലസ്്തീന്‍കാര്‍ക്ക് വിട്ടുനല്‍കാന്‍ ആവില്ലെന്നും കിഴക്കന്‍ ജറുസലേം വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും വാദിക്കുന്ന ഭരണകൂടമാണ് കഴിഞ്ഞ കുറെ നാളുകളായി ഇസ്രയേലിന്റെ നയം. സ്വന്തം പൗരന്‍മാര്‍ക്കായി രണ്ടിടങ്ങളിലും അവര്‍ പാര്‍പ്പിട കേന്ദ്രങ്ങളും സ്ഥാപിച്ചു. സമാധാനപ്രക്രിയക്ക് വലിയ വിഘാതമായി നില്‍ക്കുന്നത് ഇപ്പോള്‍ ഈ പാര്‍പ്പിട കെട്ടിടങ്ങളാണ്. അധികാരങ്ങള്‍ ഇവിടെ പ്രയോഗിക്കാന്‍ കഴിയാതെ സമാധാന ഉടമ്പടി പ്രകാരം വെസ്റ്റ്ബാങ്ക് ഭരണമേറ്റെടുക്കാന്‍ പലസ്തീന്‍ അതോറ്റിക്കും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ യുദ്ധത്തിനുള്ള ആരംഭം.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com