'അയാള്‍ നുണയനാണ്; ആശുപത്രി ആക്രമിച്ചത് ഹമാസ് കേന്ദ്രമാണെന്ന് കരുതി', നെതന്യാഹുവിന് എതിരെ പലസ്തീന്‍

ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഹമാസാണെന്ന നെതന്യാഹുവിന്റെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഹമാസാണെന്ന നെതന്യാഹുവിന്റെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍. ആശുപത്രി പരിസരത്ത് ഹമാസിന്റെ താവളം ഉണ്ടെന്ന ധാരണയിലാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതെന്നറ അദ്ദേഹം ആരോപിച്ചു.

'നെതന്യാഹു ഒരു നുണയനാണ്. സമീപത്ത് ഹമാസിന്റെ കേന്ദ്രമുണ്ടെന്ന് കരുതിയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് നെതന്യാഹുവിന്റെ വക്താവ് എക്‌സില്‍ കുറിച്ചിരുന്നു. എന്നാല്‍, പിന്നീട് അവര്‍ ആ ട്വീറ്റ് പിന്‍വലിച്ചു. ട്വീറ്റിന്റെ കോപ്പി ഞങ്ങളുടെ കൈയ്യിലുണ്ട്. ഇപ്പോള്‍ ഇസ്രയേല്‍ കഥ മാറ്റി പലസ്തീനികളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്', മന്‍സൂര്‍ പറഞ്ഞു.

ആശുപത്രികള്‍ ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്നതിന്റെ സൂചനയായിരുന്നു അത്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദികള്‍ ഇസ്രയേലാണെന്നും അത് മറയ്ക്കുന്നതിനായി അവര്‍ക്ക് കഥകള്‍ കെട്ടിച്ചമയ്ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ അഭയാര്‍ഥിക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുനേരെ ചൊവ്വാഴ്ചയാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചാല്‍ 2008നുശേഷം ഇസ്രയേല്‍ നടത്തുന്ന മാരകമായ ആക്രമണമാകുമിത്.

ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നിരുന്നു. 'ലോകം മുഴുവന്‍ അറിയണം, ഗാസയിലെ കിരാതരായ ഭീകരവാദികളാണ് ആശുപത്രി ആക്രമിച്ചത്. ഐഡിഎഫ് അല്ല'-നെതന്യാഹു എക്സില്‍ കുറിച്ചു. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍, സ്വന്തം കുട്ടികളെയും കൊല്ലുന്നു എന്നും നെതന്യാഹു കുറിച്ചു.

ഗാസയിലെ അല്‍ അഹ്ലി ആശുപത്രിക്ക് സമീപത്തുകൂടി കടന്നുപോയത് ഗാസയിലെ ഭീകകരര്‍ തൊടുത്തുവിട്ട റോക്കറ്റുകളാണ് എന്നാണ് ഐഡിഎഫിന്റെ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമിക ഭീകരവാദികളുടെ പാളിപ്പോയ റോക്കറ്റ് ലോഞ്ചാണ് ആശുപത്രിയില്‍ പതിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളും സൂചിപ്പിക്കുന്നത് എന്നും നെതന്യാഹു അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com