മെക്‌സിക്കോയില്‍ 'അന്യഗ്രഹ ജീവിയുടെ' ഫോസില്‍ പ്രദര്‍ശനം; അമ്പരന്ന് സോഷ്യല്‍മീഡിയ- വീഡിയോ 

ഇപ്പോള്‍ മെക്‌സിക്കോ സിറ്റിയിലെ ഒരു അസാധാരണ സംഭവമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്
മെക്‌സിക്കോ പാര്‍ലമെന്റില്‍ അനാവരണം ചെയ്ത മൃതദേഹാവിശിഷ്ടങ്ങളുടെ ദൃശ്യം, എക്‌സ്
മെക്‌സിക്കോ പാര്‍ലമെന്റില്‍ അനാവരണം ചെയ്ത മൃതദേഹാവിശിഷ്ടങ്ങളുടെ ദൃശ്യം, എക്‌സ്

മെക്‌സിക്കോ സിറ്റി: പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളുണ്ടോ?, പലപ്പോഴായി പറക്കുംതളികകളെ കണ്ടതായി അവകാശവാദങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇതുസംബന്ധിച്ച് ഗവേഷണം നടത്തിവരികയാണ് ശാസ്ത്രജ്ഞര്‍.

ഇപ്പോള്‍ മെക്‌സിക്കോ സിറ്റിയിലെ ഒരു അസാധാരണ സംഭവമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അന്യഗ്രഹജീവികളുടേതെന്നു കരുതുന്ന രണ്ടു മൃതാവശിഷ്ടങ്ങള്‍ മെക്‌സിക്കോ പാര്‍ലമെന്റില്‍ അനാവരണംചെയ്തതാണ് ചര്‍ച്ചയാവുന്നത്. പറക്കുംതളികകളെക്കുറിച്ചു പഠിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ഹൈമെ മൗസാന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. ഇത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

ചില്ലുപേടകത്തിലാക്കിയാണ് രണ്ടു കുഞ്ഞു മൃതദേഹാവിശിഷ്ടം പാര്‍ലമെന്റില്‍ വെച്ചത്. പെറുവിലെ കൂസ്‌കോയില്‍നിന്നു കണ്ടെടുത്ത ഇവയ്ക്ക് 1000 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്നു. ഡയാറ്റം ആല്‍ഗെകള്‍ നിറഞ്ഞ് ഫോസിലായി മാറിയ ഇവ പെറുവിലെ കുസ്‌കോയിലെ ഖനികളില്‍നിന്നാണ് ലഭിച്ചത്.

നാഷണല്‍ ഓട്ടൊണോമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോ ഇവ പഠനവിധേയമാക്കിയെന്ന് മൗസാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. റേഡിയോകാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മൃതദേഹങ്ങളില്‍നിന്ന് ഡിഎന്‍എ സാംപിളെടുത്തു. മൃതാവശിഷ്ടങ്ങളില്‍ രണ്ടും മനുഷ്യന്റെ പരിണാമപ്രക്രിയയുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് മൗസാന്‍ പറഞ്ഞു. 

'മനുഷ്യേതര സാങ്കേതികവിദ്യകളെക്കുറിച്ചും മനുഷ്യേതര സ്ഥാപനങ്ങളെക്കുറിച്ചും അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. മനുഷ്യരെ വിഭജിക്കുക എന്നതല്ല ഒന്നിപ്പിക്കുന്ന വിഷയമാണ് സംസാരിക്കുന്നത്. ഈ വലിയ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല. നമ്മള്‍ യാഥാര്‍ഥ്യത്തെ പുല്‍കേണ്ടതുണ്ട്'- ഹൈമെ മൗസാന്‍ പറഞ്ഞു. അതേസമയം, അന്യഗ്രഹ ജീവികളുമായി മൗസാന്‍ മുമ്പ് നടത്തിയ അവകാശവാദങ്ങള്‍ പൊളിഞ്ഞതാണ്. മെക്‌സികോ പാര്‍ലമെന്റില്‍ നടന്ന പ്രദര്‍ശനത്തിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com