ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാൻ ആ​ഗ്രഹിച്ചു, പക്ഷെ...; ടൈറ്റന് സംഭവിച്ചതെന്ത്?

അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുപോയ ടൈറ്റൻ അന്തർവാഹിനിക്കായി ലോകചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യമാണ് ഇപ്പോൾ നടക്കുന്നത്. ഇതാദ്യമായാണ് ഇത്രയും ആഴത്തിൽ ഒരു മുങ്ങിക്കപ്പൽ കുടുങ്ങുന്നത്
‌ചിത്രം: ഓഷ്യൻ ഗേറ്റ്‌സ് എക്‌സിപെഡിഷൻസ് ഫേയ്സ്ബുക്ക്
‌ചിത്രം: ഓഷ്യൻ ഗേറ്റ്‌സ് എക്‌സിപെഡിഷൻസ് ഫേയ്സ്ബുക്ക്


ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുപോയ ടൈറ്റൻ അന്തർവാഹിനിക്കായി ലോകചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യമാണ് ഇപ്പോൾ നടക്കുന്നത്. തണുത്തുറഞ്ഞ വെള്ളത്തിലാണ് ഇപ്പോൾ ടൈറ്റൻ അന്തർവാഹിനി. നാളെ വരെയുള്ള ഓക്സിജൻ ശേഷിക്കുന്നുണ്ടെങ്കിലും ആഴക്കടലിൽ എവിടെയാണ് പേടകം കുടുങ്ങിക്കിടക്കുന്നതെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇതാദ്യമായാണ് ഇത്രയും ആഴത്തിൽ ഒരു മുങ്ങിക്കപ്പൽ കുടുങ്ങുന്നത്. 

പ്രതീക്ഷിച്ചത് 

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ യാത്രയുടെ പ്രധാന ആകർഷണം. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലുള്ള സെൻ്റ് ജോൺസ് തീരത്തുനിന്ന് യാത്ര ആരംഭിക്കും. ഉൾക്കടൽ വരെ ഒരു മദ‍ർഷിപ്പിൻ്റെ സഹായത്തോടെയാണ് യാത്ര. അവിടെനിന്ന് അന്ത‍ർവാഹിനി സമുദ്രത്തിനുള്ളിലേക്ക് ഊളിയിടും. ഏകദേശം രണ്ട് മണിക്കൂർ സമയത്തിൽ അന്ത‍ർവാഹിനി സഞ്ചാരികളെയും വഹിച്ച് കടലിൻ്റെ അടിത്തട്ടിലെത്തും. ഒരു മണിക്കൂർ തകർന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷമാണ് മടക്കയാത്ര. അങ്ങനെ മൊത്തം പത്ത് മണിക്കൂർ സമയമാണ് യാത്രയ്ക്ക് വേണ്ടിയിരുന്നത്. 

ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തക‍ർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്ക് രണ്ടര ലക്ഷം ഡോള‍ർ (ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപ) ആണ് നിരക്ക്. 

പക്ഷെ...

ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം. കാർബൺ, ഫൈബർ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചാണ് ടൈറ്റന്റെ നിർമാണം. അതുകൊണ്ട്, സാധാരണ മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് ഇവയ്ക്ക് ഭാരം കുറവാണ്. ഏകദേശം 22 അടി നീളമുണ്ട് ഈ പേടകത്തിന്. മണിക്കൂറിൽ 5.5 കിലോമീറ്റർ വേഗതയും. 

പേടകത്തിനുള്ളിലെ സ്ഥിതി തത്സമയം അറിയാൻ ടൈറ്റനിൽ റിയൽ ടൈം ട്രാക്കിങ് സംവിധാനം ഉണ്ട്. പക്ഷെ, ഞായറാഴ്ച യാത്ര പുറപ്പെട്ട അന്ത‍ർവാഹിനി ഒന്നര മണിക്കൂർ ദൂരം പിന്നിട്ടശേഷം യാതൊരു സിഗ്നലും ലഭിച്ചിട്ടില്ല. കടലിൻ്റെ ആഴത്തിൽ ഇൻ്റ‍ർനെറ്റോ ജിപിഎസോ അടക്കമുള്ള യാതൊരുവിധ ആശയവിനിമയ സംവിധാനങ്ങളും ഇല്ല. അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ 3,800 മീറ്റർ താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. 

എന്ത് സംഭവിച്ചിരിക്കാം?

ഏറ്റവും അനുകൂലമായി ചിന്തിക്കുകയാണെങ്കിൽ, പവർ നഷ്ടപ്പെട്ട ടൈറ്റൻ, അതിനകത്തെ സുരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെ ഉപരിതലത്തിലേക്ക് മടങ്ങിയേക്കാം. ‌ഉദാഹരണത്തിന്, പേടകത്തിൽ ഭാരക്കട്ടകൾ ക്രമീകരിച്ചിട്ടുണ്ടാകാം. അടിയന്തരഘട്ടങ്ങളിൽ ഇത് നീക്കം ചെയ്ത് പെട്ടെന്ന് ഉയർന്നുവരാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ, പവർ നഷ്ടപ്പെട്ട ടൈറ്റൻ സമുദ്രത്തിന്റെ അടിത്തട്ടിൽ ഇടിച്ചിറങ്ങാനുള്ള സാധ്യതയുമുണ്ട്. പക്ഷെ, ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കും. 

ഏറ്റവും മോശം സാഹചര്യം കണക്കിലെടുത്താൽ, ടൈറ്റന്റെ പ്രഷർ ഹൗസിംഗിൽ ഒരു ആകസ്‌മിക തകരാർ സംഭവിച്ചിരിക്കാം. തീവ്രമായ ആഴക്കടൽ മർദ്ദത്തെ ചെറുക്കാൻ ശേഷിയുള്ള രീതിയിലാണ് ടൈറ്റന്റെ കോമ്പോസിറ്റ് ഹൾ നിർമ്മിച്ചിരിക്കുന്നതെങ്കിലും ആകൃതിയിൽ എന്തെങ്കിലും തകരാറുണ്ടായാൽ പോലും അത് പ്രവർത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിൽ, പൊട്ടിത്തെറിയുടെ അപകടസാധ്യത പോലും നിലനിൽക്കുന്നുണ്ട്. 

സംഭവിച്ചേക്കാവുന്ന മറ്റൊരു കാര്യം, വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീപിടുത്തം ഉണ്ടായേക്കാം എന്നതാണ്. കപ്പലിന്റെ നിയന്ത്രണത്തിനായും നാവി​ഗേഷൻ അടക്കമുള്ള കാര്യങ്ങൾക്കായും ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഇതുമൂലം തകരാറിലായിട്ടുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com