രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നടുങ്ങിയ നാളുകള്‍; റുവാണ്ട വംശഹത്യ നടന്നിട്ട് 30 വര്‍ഷങ്ങള്‍

1994 ഏപ്രില്‍ ആദ്യവാരം തുടങ്ങിയ കൂട്ടക്കൊല ജൂണ്‍ മാസത്തില്‍ അവസാനിക്കുമ്പോള്‍ ഏകദേശം എട്ട് ലക്ഷം ടുട്‌സി റുവാണ്ടക്കാരെ ആസൂത്രിതമായി കൊന്നൊടുക്കുകയായിരുന്നു

റുവാണ്ടയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ കിബുയേയിലെ ഗട്വാരോയിലുള്ള സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്ന ടുട്സി വംശഹത്യാ ഇരകളുടെ തലയോട്ടി
റുവാണ്ടയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ കിബുയേയിലെ ഗട്വാരോയിലുള്ള സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്ന ടുട്സി വംശഹത്യാ ഇരകളുടെ തലയോട്ടിഎഎഫ്പി

കിഗാലി: നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ അരുംകൊല നടത്തിയ ചരിത്രമാണ് റുവാണ്ട വംശഹത്യക്ക് പറയാനുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ വംശഹത്യ. 1994 ഏപ്രില്‍ ആദ്യവാരം തുടങ്ങിയ കൂട്ടക്കൊല ജൂണ്‍ മാസത്തില്‍ അവസാനിക്കുമ്പോള്‍ ഏകദേശം എട്ട് ലക്ഷം ടുട്‌സി റുവാണ്ടക്കാരെ ആസൂത്രിതമായി കൊന്നൊടുക്കുകയായിരുന്നു. റുവാണ്ടന്‍ വംശഹത്യയുടെ മുപ്പതാം വാര്‍ഷികത്തില്‍ രാജ്യം അടുത്ത മുപ്പത് വര്‍ഷത്തേക്കുള്ള ഭാവി പദ്ധതിയെക്കുറിച്ച് ചിന്തിക്കുന്ന പോള്‍ കഗാമെയുടെ പിന്നില്‍ അണിനിരക്കുന്ന ജനത ഇപ്പോഴും ഈ വംശീയ കൂട്ടക്കൊലയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്. ടുട്‌സി ന്യൂനപക്ഷ വംശീയ ഗ്രൂപ്പിലെ അംഗങ്ങളും ചില മിതവാദികളായ ഹുട്ടു , ത്വ എന്നിവരെയും സായുധരായ ഹുട്ടു മിലിഷ്യ വംശത്തിലുള്ളവര്‍ കൊലപ്പെടുത്തുകയായിരുന്നു.

1990ല്‍, റുവാണ്ടന്‍ പാട്രിയോട്ടിക് ഫ്രണ്ട് (ആര്‍പിഎഫ്), ഭൂരിഭാഗം ടുട്സി അഭയാര്‍ത്ഥികളും അടങ്ങിയ ഒരു വിമത സംഘം, ഉഗാണ്ടയിലെ അവരുടെ താവളത്തില്‍ നിന്ന് വടക്കന്‍ റുവാണ്ടയെ ആക്രമിച്ചതോടെയാണ് ആഭ്യന്തര യുദ്ധത്തിന് തുടക്കമാകുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇരുപക്ഷത്തിനും നിര്‍ണായക നേട്ടം കൈവരിക്കാനായില്ല. യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍, ഹുട്ടു പ്രസിഡന്റായ ജുവനാല്‍ ഹബ്യാരിമാനയുടെ നേതൃത്വത്തിലുള്ള റുവാണ്ടന്‍ ഗവണ്‍മെന്റ് 1993 ഓഗസ്റ്റ് 4-ന് ആര്‍പിഎഫുമായി അരുഷ കരാറില്‍ ഒപ്പുവച്ചു . 1994 ഏപ്രില്‍ 6- ന് പ്രസിഡന്റ് ഹബ്യാരിമാനയുടെ കൊലപാതകത്തോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ഭൂരിഭാഗം ഹുട്ടു സൈനികരും പൊലീസും മിലിഷ്യയും പ്രധാന ടുട്‌സികളെയും മിതവാദികളായ ഹുട്ടു സൈനിക-രാഷ്ട്രീയ നേതാക്കളെയും കൊലപ്പെടുത്തിയതിന്റെ അടുത്ത ദിവസം വംശഹത്യയുടെ തുടക്കമായിരുന്നു.

1994 ജൂലൈ 17-ന് കിഴക്കന്‍ സൈറിയന്‍ അതിര്‍ത്തി പട്ടണമായ ഗോമയില്‍ നിന്ന് 10 കിലോമീറ്റര്‍ വടക്കായി തമ്പടിച്ചിരിക്കുന്ന ഏകദേശം 160,000 റുവാണ്ടന്‍ അഭയാര്‍ത്ഥികള്‍
1994 ജൂലൈ 17-ന് കിഴക്കന്‍ സൈറിയന്‍ അതിര്‍ത്തി പട്ടണമായ ഗോമയില്‍ നിന്ന് 10 കിലോമീറ്റര്‍ വടക്കായി തമ്പടിച്ചിരിക്കുന്ന ഏകദേശം 160,000 റുവാണ്ടന്‍ അഭയാര്‍ത്ഥികള്‍ എഎഫ്പി

റുവാണ്ടയിലെ രണ്ട് പ്രധാന വംശീയ സമൂഹങ്ങളാണ് ടുട്‌സിയും ഹുട്ടുവും. തെക്കുപടിഞ്ഞാറ് നിന്നുള്ള ഒരു ബന്തു ജനതയാണ് ഹുട്ടുവെന്നും വടക്കുകിഴക്ക് നിന്ന് കുടിയേറിയ നിലോട്ടിക് ജനതയാണ് ടുട്‌സികളെന്നും ചിലര്‍ വിശ്വസിക്കുന്നു. ക്രൂരതയുടെ എല്ലാ തീവ്രതയും ഭൂരിപക്ഷ ഗോത്രമായ ഹുടുക്കളും അവയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും രാജ്യത്തെ എല്ലാ അര്‍ഥത്തിലും കലാപക്കളമായി മാറ്റുകയായിരുന്നു. വംശീയ വെറിയില്‍ മാത്രം ഓര്‍ക്കപ്പെടുന്ന 100 നാളുകള്‍. ഹുടുഗോത്രക്കൂട്ടം ആയുധങ്ങളുമായി വംശീയ വെറി പൂണ്ടു പുറത്തിറങ്ങി. അവര്‍ക്ക് പിന്തുണയുമായി യന്ത്രത്തോക്കുകളുമായി ഹുടു സൈനികരും ഗുണ്ടകളും. ന്യൂനപക്ഷമായ തുത്സി ഗോത്രക്കാരായിരുന്നു ഇരകള്‍. തൊണ്ണൂറ്റഞ്ച് ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയാണ് അവിടെയുണ്ടായിരുന്നത്. എന്നാല്‍ മതമായിരുന്നില്ല അവിടുത്തെ പ്രശ്‌നം. വംശീതയതയുടെ പേരില്‍ ഉടലെടുത്ത കൂട്ടക്കൊല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


റുവാണ്ടയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ കിബുയേയിലെ ഗട്വാരോയിലുള്ള സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്ന ടുട്സി വംശഹത്യാ ഇരകളുടെ തലയോട്ടി
കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മനി; 25 ഗ്രാം കൈവശം വെക്കാം, മൂന്ന് ചെടികള്‍ വളര്‍ത്താം

പള്ളിയില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിന് തുത്സികളെ ഹാളില്‍ അടച്ച ശേഷം പുറത്തുനിന്ന് പൂട്ടി ഹുടുക്കളെ വിളിച്ചുവരുത്തിയത് പലപ്പോഴും ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാകും പാതിരിമാരുമായിരുന്നു. മണിക്കൂറുകള്‍ കൊണ്ട് എല്ലാവരെയും എറിഞ്ഞും വെട്ടിയും തീയിട്ടും കൊല്ലുകയായിരുന്നു. പള്ളികളിലും പ്രൈമറി വിദ്യാലയങ്ങളിലും വനിതാ ഹോസ്റ്റലുകളിലും ഹുടു ഗുണ്ടകളും പട്ടാളക്കാരും കടന്നുകയറി. ആരെയും അവശേഷിപ്പിച്ചില്ലെന്ന് പറയുന്ന തരത്തിലായിരുന്നു കൊലപാതകം. വിക്ടോറിയാ തടാകക്കരയില്‍ മാത്രം ഒറ്റദിവസം 20,000 പേരെ കൊന്നുതള്ളിയെന്നാണ് പറയപ്പെടുന്നത്. സ്ത്രീകളെ കൂട്ടമായി ബലാത്സംഗത്തിനിരയാക്കിയതിന് ശേഷമായിരുന്നു കൊലപ്പെടുത്തിയത്. 2 ലക്ഷം മുതല്‍ 5 ലക്ഷം വരെ ടുട്‌സി സ്ത്രീകള്‍ ഇത്തരത്തില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. നിയമം അക്രമം നടത്തിയവര്‍ക്കൊപ്പമായിരുന്നു. രക്ഷിക്കാനില്ലെന്ന് മനസിലായതോടെ അവശേഷിച്ചവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പലായനം നടത്തുക മാത്രമായിരുന്നു ഏക പോംവഴി. ഇരുപതു ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്. റുവാണ്ടന്‍ വംശഹത്യയുടെ മുഖ്യപ്രതി ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം 2019 അവസാനം ഫ്രാന്‍സില്‍ പിടിയിലായി. എണ്‍പത്തിനാലുകാരനായ ഫെലിസിയിന്‍ കബുഗ എന്ന ഹുടു വംശജന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com