'അവിടെ നടക്കുന്ന ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് നന്നായി അറിയാം'; ഗാസയില്‍ വംശഹത്യ തടയണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

വംശഹത്യ നടത്തുന്നവരെ ശിക്ഷിക്കണം
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടിനരികെ പലസ്തീൻകാരൻ
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടിനരികെ പലസ്തീൻകാരൻ പിടിഐ

ഹേഗ്: ഗാസയില്‍ വംശഹത്യ നടത്തുന്നത് തടയണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ പരമോന്നത അന്താരാഷ്ട്ര കോടതി ഇസ്രയേലിനോട് ആവശ്യപ്പെട്ടു. വംശഹത്യ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.

ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും, 1984 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചു എന്നും ആരോപിച്ച് ദക്ഷിണാഫ്രിക്കയാണ് കോടതിയെ സമീപിച്ചത്. ഡിസംബര്‍ 29 നാണ് 84 പേജുള്ള ഹര്‍ജി ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ചത്. ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നത് തടയാതിരിക്കാന്‍ ഇസ്രയേലിന് ഉത്തരവ് നല്‍കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ഹര്‍ജി തള്ളിക്കളയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും വളച്ചൊടിച്ചതാണെന്നും ഇസ്രയേല്‍ വിശേഷിപ്പിച്ചു. മാത്രമല്ല സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പരിക്ക് പറ്റാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു ഇസ്രയേലിന്റെ വാദം.

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടിനരികെ പലസ്തീൻകാരൻ
അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി; അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍

ഗാസയില്‍ ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തില്‍ 26,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് സംഘര്‍ഷം ആരംഭിച്ചത്, സ്ത്രീകളും കുട്ടികളുമടക്കം 1200 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.

വംശഹത്യ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘങ്ങളെ ഗാസയിലേക്ക് നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വംശഹത്യ ആരോപണം വളച്ചൊടിച്ചതാണെന്നും, സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നുമാണ് ഇസ്രയേല്‍ വാദം. പലസ്തീന്‍ ജനങ്ങളെയല്ല, ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രയേല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇവിടെ നടക്കുന്ന മനുഷ്യദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് കോടതിക്ക് നന്നായി അറിയാം. ജീവഹാനിയിലും മനുഷ്യരുടെ കഷ്ടപ്പാടുകളിലും അതീവ ഉത്കണ്ഠയുണ്ടെന്നും കോടതിയുടെ പ്രസിഡന്റ് ജോവാന്‍ ഇ ഡോനോഗ് പറഞ്ഞു.

എന്നാല്‍ ഗാസയ്ക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടണമെന്ന് ദക്ഷിണാഫ്രിക്കയുടെ ആവശ്യം കോടതി നിരസിക്കുകയാണ് ചെയ്തത്. മരണവും സ്വത്ത് നാശവും പരിമിതപ്പെടുത്താന്‍ ഇസ്രയേല്‍ ശ്രമിക്കണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. വംശഹത്യ നടത്തുന്നതില്‍ നിന്നും സൈനികരെ തടയാന്‍ ഇസ്രയേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com