കോട്ടേം എവ്‌ടെ കെടക്കുന്നു.. ഉപ്പുകണ്ടം എവ്‌ടെ കെടക്കുന്നു...കുഞ്ഞച്ചനോടാ കളി; വെള്ളിത്തിരയിലെ മലയാളം

ഭാഷ വച്ച് മലയാളസിനിമേല് ഏറ്റോം കൂടുതല്‍ പരീക്ഷണം നടത്തിയ നടന്‍ മമ്മൂട്ടിയാരിക്കും
കോട്ടേം എവ്‌ടെ കെടക്കുന്നു.. ഉപ്പുകണ്ടം എവ്‌ടെ കെടക്കുന്നു...കുഞ്ഞച്ചനോടാ കളി; വെള്ളിത്തിരയിലെ മലയാളം

കോട്ടയം ഭാഷയുടെ തനതുശൈലിയാണ് കോട്ടയത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. കോട്ടേംബാഷേന്നു കരുതി പറയുന്ന പലതും കോട്ടേത്തിനു തെക്കോട്ടൊള്ള ബാഷയാണ്. കുമ്പനാട്ടും കായംകുളത്തും മാവേലിക്കരേലുമൊക്കെ പറയുന്നതും കോട്ടേംഭാഷയില്‍പ്പെടുത്തുകയാണ്. ആദ്യം അച്ചടി തൊടങ്ങിയതും പിന്നെ മനുഷമ്മാര് വായിക്കുന്ന വല്ലോം അച്ചടിച്ചെറക്കിയതും ഒക്കെ കോട്ടേത്തൂന്നല്ലേ?. നസ്രാണിദീപീകേടെ കാര്യമല്ല പറയുന്നെ. ഈ മാപ്രസിദ്ധീകരണം മാപ്രസിദ്ധീകരണം എന്നൊക്കെ പറയത്തില്ലേ? 'മനോരാജ്യം', 'മംഗളം', 'മലയാളമനോരമ' അങ്ങനെയങ്ങനെ... ഈ കോട്ടേംബാഷ കോട്ടേത്തിനു പൊറത്തെത്തുന്നത് മുട്ടത്തുവര്‍ക്കീം കാനം ഇ ജേം മൊതല് ജോയ്‌സീം അടക്കമുള്ളവരുടെ നോവലുകളീക്കൂടെ മാത്രവല്ല, അയിന് സിനിമേം കാരണമായിട്ടൊണ്ട്. സിനിമേന്ന് പറഞ്ഞാ ഒത്തിരി ഉദാഹരണം കാണും. എന്നാലും പെട്ടെന്നോര്‍ക്കുന്നെ പദ്മരാജന്റെ 'കൂടെവിടെ'യാ. അതില് മമ്മൂട്ടി അഭിനയിച്ച ക്യാപ്റ്റന്‍ തോമസിനെ ഓര്‍ക്കുന്നില്ലേ? കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനിയാടീ ഞാന്‍ എന്നുമ്പറഞ്ഞ് വരുന്ന അച്ചായന്‍? പിന്നെ ഈ ലേഖനക്കാരുടെ ബാഷേല് പറഞ്ഞാ, എണ്‍പതുകളുടെ അവസാനം കോട്ടയം കുഞ്ഞച്ചനായും മമ്മൂട്ടി വന്നു.

പറച്ചിലീന്നു ജാതി തിരിച്ചറിയാമ്പറ്റുന്നത് ഏറ്റോം കൂടുതല് തിരുവന്തോരത്താ. കോട്ടയത്തങ്ങനെ സ്പഷ്ടമൊന്നുമല്ല. ഇവിടെ ജാതിയൊക്കെ അടീക്കൂടെയല്ലേ? പൊറത്തൊന്നും കാണിക്കത്തില്ല. ഒക്കെ അഭിനയമാ.കോട്ടേത്തെ ഈ രണ്ടു കഌസിലും പെട്ട നസ്രാണീടെ നാട്ടുപേച്ച് സിനിമേല് കൊണ്ടുവന്ന മമ്മൂട്ടി എവടത്തുകാരനാ? കോട്ടേത്തിന്റേം എറണാകുളത്തിന്റേം എടയ്ക്കൂടെ ഒരു വരവരച്ചാ അതിന്റെ ഒത്തനടുക്ക് കെടക്കുന്ന ചെമ്പല്ലേ മമ്മൂട്ടീടെ ദേശം. അപ്പോ മമ്മൂട്ടി കോട്ടേംകാരനാണോ അതോ എറണാകുളംകാരനാണോ?

ഭാഷ വച്ച് മലയാളസിനിമേല് ഏറ്റോം കൂടുതല്‍ പരീക്ഷണം നടത്തിയ നടന്‍ മമ്മൂട്ടിയാരിക്കും. എല്ലാമൊന്നും അത്ര കറക്റ്റല്ലെന്നു അതാതുസ്ഥലത്തെ ആള്‍ക്കാര്‍ പറയും. എന്നിരുന്നാലും ഇതൊക്കെ രേഖപ്പെടുത്തുകാന്ന് പറയുന്നേനുമൊണ്ടല്ലോ ഒരിത്. മമ്മൂട്ടീടെ ഭാഷാപരീക്ഷണങ്ങള്‍ വലിയ റേഞ്ചിലൊള്ളതാ. പലതും മമ്മൂട്ടിക്ക് വീണുകിട്ടിയതാരിക്കും. ചെലത് സ്വയം തപ്പിപ്പിടിച്ച് ചെയ്തതും. വിധേയനില്‍ മംഗലാപുരത്തെ ഉള്‍നാടന്‍ ഭാഷയാണു മമ്മൂട്ടീടെ. തനി കന്നടക്കാരനായി ചട്ടമ്പിനാട്ടില്‍ വരുന്നൊണ്ട്. കൊങ്കിണിമലയാളത്തിലല്ലേ 'കമ്മത്ത് ആന്‍ഡ് കമ്മത്തി'ല്‍ വന്നത്? ഒത്തിരിക്കാലം കേരളത്തീത്തങ്ങിയ തമിഴന്റെ മലയാളമാ കറുത്തപക്ഷികളീ. 'രാജമാണിക്യ'ത്തീ സുരാജിന്റെ കൂടെക്കൂടി പാറശ്ശാലമലയാളം പയറ്റി.

ബസ് കണ്ടക്റ്ററീ കോഴിക്കോടന്‍ മലയാളം. 'ബിഗ് ബീല്' നുമ്മ ഫോര്‍ട്ട് കൊച്ചി ഭാഷ. പഴേ സേതുരാമയ്യര്‌ടെ പട്ടര് മലയാളം മറക്കാന്‍ പറ്റുവോ? 'അയ്യര്‍ ദ ഗ്രേറ്റി'ലുമൊണ്ടാരുന്നു അതുപോലൊരു പരീക്ഷണം. അരിപ്രാഞ്ചി പുണ്യാളനോട് സംസാരിക്കുന്ന തൃശ്ശൂര് ചന്തേലെ ഭാഷയില്ലേ 'പ്രാഞ്ചിയേട്ടനി'ലേത്,  'പാലേരിമാണിക്യത്തീ' തലശ്ശേരി കണ്ണൂര്‍ ഭാഗങ്ങളിലെ ഭാഷയല്ലേ? 'പൊന്തന്‍മാട'യില്‍ വയനാടന്‍ കലര്‍പ്പൊള്ള ഭാഷേലാ സംസാരം. മൃഗയയില്‍ ഒരുതരം നായാടി ഭാഷ. കോട്ടയത്തൂന്നും അയലത്തൂന്നും ജോസ് പ്രകാശും ബാബു ആന്റണിയും എം.ജി. സോമനും ഒക്കെയടക്കം എത്രയോപേരൊണ്ടാരുന്നു സിനിമേല്... അവരാരും ഇത്രേം വേറെവേറെ ഭാഷ പറഞ്ഞിട്ടൊണ്ടാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com